ജെവിന്‍ കോട്ടൂര്‍
കേരളത്തിലെ ഇടതു-വലതു-ബിജെപി മുന്നണികളുടെ തെരഞ്ഞെടുപ്പു പ്രചാരണ പരസ്യങ്ങളെ കണക്കിനു പരിഹസിച്ചു സോഷ്യല്‍ മീഡിയ. മുന്നണികളുടെ പരസ്യ വാചകങ്ങള്‍ തിരിച്ചും മറിച്ചുമിട്ടു സൂപ്പര്‍ഹിറ്റ് സിനിമയിലെ സൂപ്പര്‍ സീനുകളും ചേര്‍ത്തുവച്ചുള്ള ട്രോള്‍ പ്രവാഹമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപാടേ “വളരണം ഈ നാട്, തുടരണം ഈ ഭരണം” എന്നു പ്രഖ്യാപിക്കുന്ന കൂറ്റന്‍ ഫഌക്സ് ബോര്‍ഡുകള്‍ നാടാകെ നിറച്ച് യുഡിഎഫാണ് പ്രചാരണത്തിനു തുടക്കമിട്ടത്.
യുഡിഎഫ് ഇലക്്ഷന് പബ്ലിസിറ്റി കമ്മിറ്റിയുടെ പേരിലാണ് രാത്രിയില്‍ വെളിച്ച സംവിധാനം ഉള്‍പ്പെടെ ക്രമീകരിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസനത്തിനു തുടര്‍ച്ചയുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്ന ഈ പരസ്യം ഏറെ ശ്രദ്ധനേടി. ഏതാണ്ടു രണ്ടാഴ്ച കഴിഞ്ഞതോടെ ഇതിനുള്ള മറുപടിയെന്നോണം എല്‍ഡിഎഫും യുഡിഎഫ് പ്രചാരണ ബോര്‍ഡിന്റെ സമീപം തന്നെ അവരുടെ ബോര്‍ഡുകളും സ്ഥാപിച്ചു. ” എല്‍ഡിഎഫ് വരും എല്ലാം ശരിയാകും” എന്നതായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണ വാചകം.
അഴിമതി അവസാനിപ്പിക്കാനും കര്‍ഷകരക്ഷയ്ക്കും എല്‍ഡിഎഫ് വരും എന്നാണ് പ്രചാരണത്തിന്റെ ഉള്ളടക്കം. യുഡിഎഫും എല്‍ഡിഎഫും പ്രചാരണരംഗത്ത് മുന്നേറിയതോടെ ബിജെപിയും സജീവമായി ” വഴിമൂട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി” എന്ന പ്രചാരണ വാചകവുമായിട്ടാണ് ബിജെപി രംഗത്തെത്തിയത്. പരസ്യബോര്‍ഡുകള്‍ മത്സരിച്ചു സ്ഥാപിക്കാനായി മുന്നണികള്‍ ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
മൂന്നു പാര്‍ട്ടികളും പ്രചാരണ രംഗം കൊഴുപ്പിച്ചതോടെയാണു പരസ്യവാചകങ്ങളെ പരിഹസിച്ചുകൊണ്ടു സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ഒഴുക്കാരംഭിച്ചത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയയിലെ താരം. എല്‍ഡിഎഫ് വന്നാല്‍ എല്ലാവരെയും ശരിയാക്കും എന്നാണ് ഇടതുവിരുദ്ധര്‍ ഈ മുദ്രാവാക്യത്തെ വായിക്കുന്നത്. എല്‍ഡിഎഫ് വരുന്നതോടെ എല്ലാം ശരിയാകുമെന്ന ഫഌക്സിലൂടെയുള്ള പ്രചാരണത്തെ ലോട്ടറി മാഫിയയെ സഹായിക്കും, അതോടെ സാന്റിയാഗോ മാര്‍ട്ടിന്റെ പ്രശ്നങ്ങള്‍ എല്ലാം ശരിയാകും.
ടി.പി വധക്കേസ്, മനോജ് വധക്കേസ്, ഫസല്‍ വധക്കേസ്, ഷുക്കൂര്‍ വധക്കേസ് എന്നിവ അട്ടിമറിക്കും, അതോടെ പാര്‍ട്ടി ഗുണ്ടകളുടെ എല്ലാ പ്രശ്നങ്ങളും ശരിയാകും. പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറപ്പിക്കും; അതോടെ ബാര്‍ മുതലാളിമാരുടെ പ്രശ്നങ്ങളെല്ലാം ശരിയാകും. വിഴിഞ്ഞം പദ്ധതിയില്‍ അദാനി പോര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കും, അതോടെ കേരളത്തിന്റെ വികസനം എല്ലാം ശരിയാകും എന്നിങ്ങനെ പോകുന്നു പരിഹാസങ്ങള്‍. യുഡിഎഫിന്റെ പ്രചാരണ വാക്യത്തെ വിഴുങ്ങണം ഈ നാട്.. തുടരണം ഈ ഭരണം, കട്ടുമുടിക്കാന്‍ ഒരു വട്ടം കൂടി പ്ലീസ്…. കുറച്ചുകൂടി കക്കാനുണ്ട് ഒരു വട്ടം കൂടി…. ഇങ്ങനെ കളിയാക്കിയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.
2004 ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാനപ്പെട്ട മുദ്രാവാക്യം ഇന്ത്യ തിളങ്ങുന്നു എന്നതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പണി കിട്ടി. ബിജെപി പരാജയപ്പെട്ടു. 2014 ലെ അച്ഛേ ദിന് എന്ന മുദ്രാവാക്യവും നരേന്ദ്ര മോദിക്കും ബിജെപിക്കും തെരഞ്ഞെടുപ്പിനു ശേഷം ഒരുപാട് പേരുദോഷം കേള്‍പ്പിച്ചിട്ടുണ്ട്.
പ്രചാരണ ബോര്‍ഡുകള്‍ക്കു പിന്നാലെ വികസന നേട്ടങ്ങള്‍ നിരത്തിയുള്ള യുഡിഎഫിന്റെ അടിപൊളി പ്രചാരണ ഗാനവും പുറത്തിറങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പ്രചാരണഗാനങ്ങള്‍ അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും തെരുവിലും ഉരുളയ്ക്ക് ഉപ്പേരി കണക്കെ പോസ്റ്റുകളും പോസ്റ്ററുകളും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഏതു രാഷ്്ട്രീയ പാര്‍ട്ടിയുടെ പരസ്യവാചകത്തിനാണു കൂടുതല്‍ സ്വീകാര്യത എന്നു കാത്തിരുന്നു കാണാം.