പാലാ: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജാതിരാഷ്ട്രീയം കളിക്കുകയാണെന്നും സാമൂഹിക നീതിക്കായി നിലകൊള്ളുന്നത്് എന്‍ഡിഎ മാത്രമാണെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാലാ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പാലായില്‍ നടന്ന റാലിക്കുശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുമുന്നണിയും മാറിമാറി ഭരിച്ചിട്ട് കേരളത്തില്‍ നേട്ടമില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് തൊഴിലില്ല.
കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു. അരിയും പച്ചക്കറിയും ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം. വ്യവസായങ്ങള്‍ പൂട്ടി. സംസ്ഥാനത്തെ ഓരോ വ്യക്തിയുടേയും മേല്‍ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതകള്‍ മാത്രമാണ് രണ്ടുമുന്നണികളും ഉണ്ടാക്കിയ നേട്ടമെന്നദ്ദേഹം പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ മോഹനന്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. റബര്‍ കര്‍ഷകരെ ദുരിതത്തിലാക്കിയത് യുപിഎ സര്‍ക്കാറിന്റെ ഇറക്കുമതി നയമാണെന്നും ഇതിന് മാറ്റമുണ്ടായത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.