ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനു രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. പരീക്ഷ നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയ 2013ലെ ഉത്തരവ് അസാധുവാക്കിയാണു സുപ്രീംകോടതിയുടെ പുതിയ വിധി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതി അനുമതി നല്‍കിയത്. നീറ്റ് പരീക്ഷയുടെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ പുതിയ വാദം കേള്‍ക്കും. കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ പരീക്ഷ നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രാജ്യവ്യാപകമായി മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്കു 2012 നവംബറിലും ബിരുദ കോഴ്‌സുകള്‍ക്കു 2013 മേയിലുമാണു നീറ്റ് പരീക്ഷ നടത്തിയത്. സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഏകീകൃത പ്രവേശന പരീക്ഷ എന്നു ചൂണ്ടിക്കാട്ടിയാണു 2013ല്‍ സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു അംഗത്തിന്റെ വിയോജിപ്പോടെ ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതു റദ്ദാക്കിയിരുന്നത്. ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റീസ് എ.ആര്‍. ദവെയാണ് വിയോജിച്ചിരുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുക, മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുക, മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ദേശീയ തലത്തില്‍ ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകള്‍ക്കു പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് 2013ല്‍ വിവിധ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കു പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു.