ഏറ്റുമാനൂര്‍: ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ച സംഭവത്തിനു കാരണമായത് പിക്കപ്‌വാന്‍ ആണെന്നു സൂചന. പിക്കപ് വാന്‍ തട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിയുകയും യുവാക്കള്‍ ബസിനടിയില്‍പ്പെടുകയുമായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് പിക്കപ് വാന്‍ നിര്‍ത്താതെപോയി.
ഇന്നലെ വൈകുന്നേരം ആറിന് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറ പള്ളി ജംഗ്ഷനു സമീപമുള്ള ഇറക്കത്തിലായിരുന്നു അപകടം. മാന്നാനം സ്വദേശികളായ പട്ടിമഠം പരേതനായ അപ്പച്ചന്റെ മകന്‍ ജോഷുമോനും (19), മുകളേല്‍പറമ്പില്‍ മനോജിന്റെ മകന്‍ ശരത്തും (18) ബൈക്കില്‍ കിടങ്ങൂര്‍ ഭാഗത്തേക്കു പോകുമ്പോഴാണ് അപകടം. ബൈക്കില്‍നിന്നു തെറിച്ചുവീണ യുവാക്കള്‍ തൊടുപുഴയില്‍നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെടുകയായിരുന്നു.
ജോഷുമോന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശരത് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോഷുമോന്റെ മൃതദേഹം ഇന്നു വൈകുന്നേരം നാലിന് തെള്ളകം സെന്റ് മേരീസ് പള്ളിയില്‍ സംസ്കരിക്കും. ലീലാമ്മയാണ് ജോഷുമോന്റെ മാതാവ്. സഹോദരങ്ങള്‍: സനീഷ്, നിഷ.