ഓട്ടയടക്കല്‍ പാളി; ഗുരുവായൂരിലെ റോഡുകള്‍ വീണ്ടും തകര്‍ന്നു

tcr-roadഗുരുവായൂര്‍: മഴ ശക്തമായതോടെ ഗുരുവായൂരിലെ റോഡുകള്‍ കുളമായി. റോഡിലൂടെ യാത്ര ചെയ്താല്‍ യാത്രക്കാരുടേയും വാഹനത്തിന്റെയും നടുവൊടിയും. മമ്മിയൂര്‍ മുതല്‍ മഹാരാജ വരെയുള്ള റോഡിലാണ് ദയനീയ സ്ഥിതി. അഴുക്കുചാല്‍ പദ്ധതിക്ക് പൊളിച്ചടക്കിയ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ താല്‍ക്കാലിക ഒാട്ടയടക്കല്‍ മഴവെള്ള പ്പാച്ചിലില്‍ ഒലിച്ചുപോയി. ഇതോടെ റോഡിന് നടുവിലെ മാന്‍ഹോളുകള്‍ റോഡിലും ഉയരത്തിലായി. മാന്‍ഹോളുകള്‍ക്ക് ചുറ്റും വലിയ കുഴിയും രൂപപെട്ടു.

ഇതിനുപുറമെ ടാറും കല്ലുകളും ഇളകിപോയുള്ള വലിയ കുഴികള്‍ വേറെയും ഉണ്ടായി.  വെള്ളം കെട്ടി നില്‍ക്കുന്ന കുഴികളില്‍ ഇരു ചക്രവാഹനങ്ങള്‍ വീണ് അപകടത്തില്‍പെടുന്നത് പതിവായി. പടിഞ്ഞാറെനട മുതല്‍ പമ്പ്് ഹൗസുവരെയുള്ള റോഡിന്റെ പലഭാഗത്തും കുഴികളാണ്. ദേവസ്വത്തിന്റെ കിഴക്കേനടയിലെ മഞ്ജുളാല്‍ മുതല്‍ അപ്‌സര വരെയുള്ള റോഡിലെ ചതിക്കുഴികളില്‍ വാഹനങ്ങള്‍ വീഴാതിരിക്കാന്‍ പോലീസ് ട്രാഫിക് കോണ്‍ സ്ഥാപിച്ച് മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്.

റോഡ് ശരിയാക്കാനുള്ള മീറ്റിങ്ങുകള്‍ക്കാകട്ടെ യാതൊരു കുറവുമില്ല. ഉത്തരവാദപ്പെട്ട പൊതുമാരമത്ത് വാട്ടര്‍ അഥോററ്റി വകുപ്പുകള്‍ പരസപരം പഴിചാരി ജനങ്ങളെ ദുരിതത്തിലാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഗുരുവായൂരിലെ പ്രധാന റോഡുകള്‍ ശരിയാകാന്‍ അധികാരികളുടെ കനിവും കാത്തിരിക്കുകയാണ് തീര്‍ഥാടകരും പൊതുജനങ്ങളും.

Related posts