നിലമ്പൂര്‍ : നഗരസഭയിലെ ഓട്ടോറിക്ഷകള്‍ക്ക് പോലീസ് സ്റ്റേഷന് നമ്പര്‍ നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ ഊര്‍ജിതമായി. നഗരസഭയിലെ 90 ശതമാനം ഒട്ടോകള്‍ക്കും നമ്പര്‍ നല്‍കിക്കഴിഞ്ഞു. നഗരസഭാ പരിധിയിലെ 800ല്‍പ്പരം വരുന്ന ഓട്ടോറിക്ഷകളില്‍ 700 ഓളം ഓട്ടോകളുടെ വെരിഫിക്കേഷനും പൂര്‍ത്തിയായി. ഡ്രൈവിങ്ങ് ലൈസന്‍സ്, ബാഡ്ജ്, ഫിറ്റ്നസ്, ടാക്സ്, ഇന്‍ഷ്വറന്‍സ്, പെര്‍മിറ്റ്, പൊല്യൂഷന്‍ എന്നിവയാണ് പരിശോധിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നു നല്കിയ പ്രഫോര്‍മ പൂരിപ്പിച്ച് ഡ്രൈവറുടെയും ആര്‍സി ഓണറുടെയും വിവരങ്ങളും ഫോട്ടോകളും ഉള്‍പ്പെടെയാണ് രേഖകള്‍ സ്വീകരിക്കുന്നത്.
വിവരങ്ങള്‍ നല്കിയ ഓട്ടോറിക്ഷകള്‍ക്ക് നമ്പറിടാനുളള നടപടിക്രമങ്ങളാണ് നടന്നു വരുന്നത്. ഒരാഴ്ചക്കകം ഇതു പൂര്‍ത്തിയാക്കുമെന്ന് എസ്ഐ മനോജ് പറയട്ട പറഞ്ഞു. ഫോം പൂരിപ്പിച്ചു നല്‍കാത്ത ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്‍ഡുകളില്‍ ഓടുന്നതിനും പെര്‍മിറ്റ് പുതുക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പോലീസ് തീരുമാനം. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഇനിയും ഫോം പൂരിപ്പിച്ചു നല്കാത്തവര് 29നകം ഫോം പൂരിപ്പിച്ചു നല്‍കണം.
ഇതിനുശേഷം നല്കാത്തവര്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എസ്ഐ അറിയിച്ചു. നഗരപരിധിയിലെ മുഴുവന്‍ ഓട്ടോറിക്ഷകളുടെയും വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റ് ആരംഭിക്കാനുളള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.