തൊടുപുഴ: ഓപ്പറേഷന്‍ കുബേര പാളിയതോടെ ജില്ലയില്‍ ബ്ലേഡു മാഫിയ പിടിമുറുക്കുന്നു. മുട്ടം, തൊടുപുഴ, ഇടവെട്ടി, മണക്കാട്, കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളിലും ബ്ലേഡ് മാഫിയ ഇടക്കാലത്തിനുശേഷം വീണ്ടും സജീവമായി. തൊടുപുഴയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് മാഫിയായുടെ പ്രവര്‍ത്തനം. മൂന്നാര്‍, കുമളി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വട്ടിപ്പലിശക്കാരാണ് തോട്ടം തൊഴിലാളികളെ കൊള്ളയടിക്കുന്നത്. തൊടുപുഴ മേഖലയില്‍ സര്‍വീസില്‍ നിന്നു വിരമിച്ച പോലിസുകാരനും എക്‌സ്‌സര്‍വീസ്മാനും ബ്ലേഡ് രംഗത്തുണ്ട്. ഇതു കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ബ്ലേഡ് രംഗത്ത് വീണ്ടുമെത്തി.
ബ്ലേഡുകാരുടെ വിളയാട്ടത്തില്‍ വീടും സ്ഥലവും നഷ്ടമായവരും, അക്രമങ്ങള്‍ക്ക് ഇരയായവരും തൊടുപുഴ മേഖലയില്‍ നിരവധിപ്പേരാണുള്ളത്. പലര്‍ക്കും പരാതി നല്‍കാനുള്ള മടിയാണ് ബ്ലേഡ് മാഫിയായുടെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് പ്രധാനകാരണം. ചില രാഷ്ട്രീയക്കാരും, പോലിസ് ഉദ്യോഗസ്ഥരും ഇത്തരം ബ്ലേഡ്മാഫിയാ സംഘങ്ങളുടെ തലപ്പത്തുണ്ട്. യാതൊരു വിധ ഈടുമില്ലാതെ ആദ്യം പണം കടം നല്‍കുന്ന ബ്ലേഡുകാര്‍ പിന്നീട് ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ആധാരങ്ങളും ഈടായി വാങ്ങുന്നു. ഭീമമായ പലിശയ്ക്ക് പണം നല്‍കിയ ശേഷം മടക്കി ലഭിക്കാതെ വരുമ്പോള്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാര സ്ഥാപനങ്ങളിലും കയറി മര്‍ദിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തുായിട്ടുണ്ട്്.
പലവിധ മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിച്ച ശേഷം കൊള്ളപ്പലിശയ്ക്ക് പണം നല്‍കുന്ന ബിസിനസില്‍ എന്തിനും തയാറായി ഗുണ്ടാ സംഘങ്ങളുമുണ്ട്. ഇവരെ ഉപയോഗിച്ചാണ് പണപ്പിരിവും മറ്റും നടത്തുന്നത്. പണം മേടിച്ചാല്‍ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ രണ്ടിരട്ടി മടക്കി നല്‍കിയാലും കടം തീരാത്ത വിധത്തിലുള്ള തന്ത്രമാണ് മാഫിയകളുടേത്. കേസിന്റെയും മറ്റും നൂലാമാലകളില്‍ പെടുമെന്നതിനാല്‍ നഷ്ടം സഹിച്ചും ഇടപാടുകാര്‍ വീണ്ടും പലിശ ഇവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. ഒരു സംഘത്തിന് പലിശ നല്‍കാന്‍ മറ്റൊരു ബ്ലേഡുകാരന്റെ പക്കല്‍ നിന്നും പണം കടമെടുത്ത് കടക്കെണിയിലായി ജീവിതം തകര്‍ന്നവര്‍ നിരവധിയാണ്.
ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ബസ് തൊഴിലാളികള്‍ക്കും മറ്റും പണം പലിശയ്ക്ക് നല്‍കുന്ന നിരവധി സംഘങ്ങളാണ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. കുബേര റെയ്ഡിന്റെ പേരില്‍ ചിലരെ കുടുക്കിയെങ്കിലും വമ്പന്‍മാരെ പോലിസിന് തൊടാന്‍ പോലും കഴിഞ്ഞില്ലെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. തമിഴ് വട്ടിപ്പലിശ സംഘങ്ങള്‍ 1000 രൂപ ആവശ്യപ്പെടുന്നവര്‍ക്ക് 850 രൂപയാണ് നല്‍കുന്നത്. 125 രൂപ വീതം 10ആഴ്ച കൊണ്ട് മടക്കി നല്‍കണം 850 രൂപ പലിശയ്ക്കു വാങ്ങുന്നയാള്‍ 10ആഴ്ചയ്ക്കുള്ളില്‍ 1250 രൂപയാണ് തിരികെ നല്‍കേണ്ടത്. സാധാരണക്കാരന്റെ അധ്വാനത്തിന്റെ ഏറിയ പങ്കും ഈ തമിഴ് ബ്ലേഡ് മാഫിയയാണ് തട്ടിയെടുക്കുന്നത്.