ആലപ്പുഴ: ജനങ്ങള്‍ക്ക് സ്ഥിരമായി റവന്യു ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണം. സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഓഫീസുകള്‍. സര്‍ക്കാരിന്റെ മാറ്റം ജനങ്ങള്‍ അറിയുന്നത് അവര്‍ ദൈനംദിനം ഇടപെടുന്ന വില്ലേജ്, താലൂക്ക് ഓഫീസുകള്‍ മുഖേനയാണ്. ഓഫീസുകള്‍ ജനസൗഹൃദമാക്കണം. നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നടപ്പാക്കാതിരുന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം.
സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞെങ്കില്‍ പുതുക്കാനും പുതിയ വ്യവസ്ഥകള്‍ വയ്ക്കാനും നടപടി വേണം. പാട്ടത്തിനെടുത്ത സ്ഥലത്ത് കരാര്‍ വ്യവസ്ഥ ലംഘിച്ച് വന്‍ കെട്ടിടമടക്കം നിര്‍മിക്കുന്നതിന് നോട്ടക്കാരായി ഉദ്യോഗസ്ഥര്‍ നില്‍ക്കരുത്. ഇത്തരം കരാര്‍ ലംഘനങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. ഭൂരഹിതന് കിട്ടേണ്ട സര്‍ക്കാര്‍ഭൂമി സംരക്ഷിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. കൈയേറ്റം കാണുമ്പോള്‍ കാഴ്ചക്കാരാകരുത്. ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കണം. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം മനുഷ്യപ്പറ്റ് കാണിക്കണം.
വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ ആലപ്പുഴയില്‍ ആരംഭിച്ച ഭവന ഭാരതം പദ്ധതിയുമായി രൂപീകരിച്ച സൊസൈറ്റിക്ക് പരിമിതികളുണ്ടെങ്കില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ലൈഫ് പോലുള്ള പദ്ധതികളില്‍ സഹകരിക്കാം. സൊസൈറ്റിക്ക് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ റവന്യുവകുപ്പ് നേരിടുന്ന പ്രശ്നങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. നിലം എന്നു രേഖകളില്‍ ഉള്ളതിനാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നികത്തിയ ഭൂമിയില്‍പോലും വീടുവയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടുവയ്ക്കാന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥലമേറ്റെടുപ്പിന് റെയില്‍വേ യഥാസമയം പണം നല്‍കാത്തതിനാല്‍ റവന്യു വകുപ്പിന്റെ ഭൂമിയടക്കം ജപ്തി ചെയ്യുന്ന സാഹചര്യമുണ്ടെന്ന് കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. റവന്യു കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരുടെ വിവരങ്ങളും കേസിന്റെ സ്ഥിതിയും ലഭ്യമാക്കുന്നതിന് അഡ്വക്കേറ്റ് ജനറലിന് കത്തു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കളക്ടര്‍ വീണ എന്‍. മാധവന്‍, എഡിഎം കെ.എ. കബീര്‍, ആര്‍ഡിഒമാര്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.