ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരിനു പുത്തന്കരുത്തുമായി ആയാപറമ്പ് വലിയ ദിവാന്‍ജി ചുണ്ടന് ആറിനു നീരണിയും. ആയാപറമ്പിലെ കന്യാട്ടുകുളങ്ങര ദേവീക്ഷേത്രത്തിനു സമീപത്തെ മാലിപ്പുരയില്‍ കരയുടെ ചുണ്ടന് പുതുതായി നിര്‍മിക്കുന്നതിന്റെ ആവേശത്തിലാണ് കരക്കാര്. കോവില്‍മുക്ക് ഉമാമഹേശ്വരന് ആചാരിയുടെ നേതൃത്വത്തില്‍ ആണ് ചുണ്ടന്റെ നിര്‍മാണം. കോവില്‍മുക്ക് ഉമാമഹേശ്വരന് ആചാരി നിര്‍മിക്കുന്ന പത്താം ചുണ്ടനാണ് ഇത്. ആയാപറമ്പ് 622-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന ചുണ്ടന്റെ നീരണിയല്‍ കര്‍മം ആറിനു രാവിലെ 8.10 നും 8.40 നും മദ്ധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും. 1928ല്‍
നെടുമുടി തെക്കേക്കരക്കാരാണ് ഈ ചുണ്ടന് നിര്‍മിച്ചത്. നെടുമുടി എന്‍എസ്എസ് കരയോഗത്തിനായിരുന്നു ചുണ്ടന്റെ ഉടമസ്ഥത. ആലപ്പുഴയുടെ ശില്പി ദിവാന് രാജാകേശവദാസന്റെ സ്മരണ നിലനിര്‍ത്താനാണ് ചുണ്ടന് “വലിയ ദിവാന്‍ജി” എന്ന് പേര് നല്‍കിയത്.
വലിയ ദിവാന്‍ജി നെടുമുടിയില്‍നിന്നും വാങ്ങുന്നതിന് മുമ്പു ആയാപറമ്പ് കരയില്‍ ഒരു ചുണ്ടന് ഉണ്ടായിരുന്നു. പായിപ്പാട് ജലോത്സവത്തില്‍ നിരവധി തവണ വിജയിച്ചിട്ടുള്ള ” വേലായുധന് ആയിരുന്നു അത്. കാലപ്പഴക്കത്താല്‍ ചുണ്ടന്റെ അവസ്ഥ മാറുകയും പിന്നീട് പുതുക്കിപ്പണികള്‍ സാധ്യമാകാതെ വന്നപ്പോഴാണ് പഴയ വള്ളം വിറ്റിട്ട് പുതിയത് നിര്‍മിക്കാന്‍ കരയോഗം തീരുമാനിച്ചത്.
ഒട്ടും വൈകാതെ ആയാപറമ്പ് 622-ാംനമ്പര്‍ എന്‍എസ്എസ് കരയോഗം നിര്‍മിക്കുന്ന പുത്തന്‍ ചുണ്ടനായി ഭരണങ്ങാനത്ത് നിന്നും തടി കണെ്ടത്തി വൃക്ഷപൂജ നടത്തി. തുടര്‍ന്ന് ചുണ്ടന്റെ ഉളികുത്ത് കര്‍മം 2015 സെപ്റ്റംബര്‍ 16നു മുഖ്യശില്പി ഉമാമഹേശ്വരന് ആചാരി നിര്‍വഹിച്ചു. 2015 നവംബര്‍ 19ന് ചുണ്ടന്റെ മലര്‍ത്തല്‍ കര്‍മം നടന്നു. ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല ടൂറിസംവകുപ്പില് നിന്നും അനുവദിച്ച 22 ലക്ഷം രൂപയുള്‍പ്പെടെ 60 ലക്ഷം രൂപ ചെലവായതായി ഭാരവാഹികള്‍ പറഞ്ഞു.
ഉമാമഹേശ്വരന് ആചാരി നിര്‍മിക്കുന്ന ചുണ്ടന് 53 3/4 കോല് നീളവും 52 അംഗുലം ഉടമയുമുണ്ട്. 91 തുഴക്കാര്‍, അഞ്ച് അമരക്കാര്‍, 11 താളക്കാര് ഉള്‍പ്പെടെ 107 പേര്‍ക്ക് കയറാം. 750 ക്യുബിക് അടി തടിയുപയോഗിച്ച് നിര്‍മിക്കുന്ന ചുണ്ടനില്‍ 500 കിലോ ഇരുമ്പും ചെമ്പും ഉപയോഗിച്ചിട്ടുണ്ട്.ആര്. മധുസൂദനന് നായര്‍-പ്രസിഡന്റ്, ശ്രീരാജ് കളീക്കല്‍-വൈസ് പ്രസിഡന്റ്, എം. ഗോപിനാഥന് നായര്‍-സെക്രട്ടറി, ബൈജു ലക്ഷ്മിപുരം-ജോയിന്റ് സെക്രട്ടറി, രാജു പുത്തൂര്‍-ഖജാന്‍ജി, സജി കണക്കാട്-ക്യാപ്റ്റന്‍ എന്നിവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കേവലം 11 മാസം കൊണ്ടാണ് ചുണ്ടന്റെ നിര്‍മാണം ഉമാമഹേശ്വരന് ആചാരി പൂര്‍ത്തിയാക്കുന്നത്. ദാവീദുപുത്ര ബോട്ട് ക്ലബ് കൊല്ലമാണ് ദിവാനെ നെഹ്റുട്രോഫിയില്‍ അണിനിരത്തുന്നത്.