രാഹുല്‍ ഗാന്ധി രണ്ടും കല്പിച്ച് തന്നെ, കേരളത്തിലെ കോണ്‍ഗ്രസിന്റെ തലമാറും, മുതിര്‍ന്നവര്‍ മാറി യുവാക്കള്‍ നേതൃത്വത്തിലേക്ക്, പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത ഈ യുവനേതാക്കള്‍ക്ക്

കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ തലമുറമാറ്റം പതിയെ കൊണ്ടു വന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലും ഒഡീഷയിലും പിസിസി അധ്യക്ഷന്മാരെ ഒറ്റരാത്രി കൊണ്ട് മാറ്റി ഞെട്ടിച്ച രാഹുലിന്റെ കണ്ണുകള്‍ ഇപ്പോള്‍ കേരളത്തിലാണ്. വര്‍ഷങ്ങളായി ഗ്രൂപ്പുകള്‍ വീതംവച്ചെടുക്കുന്നു കെപിസിസി പ്രസിഡന്റിന്റെ കസേരയില്‍ യുവസാരഥിയെ ഇരുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതില്‍ ഗ്രൂപ്പുകളുടെ സ്വാധീനമാണ് കഴിഞ്ഞ കുറേ വര്‍ഷമായി നടക്കുന്നത്. എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതു സ്വീകാര്യനായ വ്യക്തിയെ സ്ഥാനമേല്പിക്കാനാണ് ഹൈക്കമാന്‍ഡും താല്പര്യം. വി.എം. സുധീരന്‍ പ്രസിഡന്റായത് മാത്രമാണ് ഇതിന് അപവാദം.

എ, ഐ ഗ്രൂപ്പുകളുടെ പിടിവാശികളെ തള്ളിയാണ് രാഹുല്‍ സുധീരനെ ചുമതലയേല്പിച്ചത്. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഗ്രൂപ്പുകളുടെ നിസഹകരണം മൂലം സുധീരന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. അതിനുശേഷം താല്ക്കാലിക പ്രസിഡന്റിന്റെ റോളില്‍ കഴിയുന്ന എം.എം. ഹസനെ ഉടന്‍ തന്നെ മാറ്റി പുതിയ മുഖത്തെ അവതരിപ്പിക്കും. കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സധ്യത കല്പിക്കുന്നവരില്‍ രണ്ടുപേര്‍ പി.സി. വിഷ്ണുനാഥും വി.ഡി. സതീശന്‍ എംഎല്‍എയുമാണ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവെന്നതും മികച്ച സംഘാടകനും പ്രാസംഗികനുമാണെന്നതും വിഷ്ണുനാഥിന് അനുകൂലഘടകമാണ്. എ ഗ്രൂപ്പുകാരനാണെങ്കിലും ഇപ്പോള്‍ ഏവര്‍ക്കും സര്‍വസമ്മതനാണ്. ഇതിലെല്ലാമുപരി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണെന്നതും ചെങ്ങന്നൂരിലെ പഴയ എംഎല്‍എയ്ക്ക് ഗുണകരമാകും.

നിലവില്‍ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുകയാണ് കെ.എസ്.യുവിലൂടെ ഉയര്‍ന്നുവന്ന നേതാവ്. കെപിസിസി നേതൃത്വനിരയിലേക്ക് വരാന്‍ താല്പര്യമില്ലെങ്കിലും രാഹുല്‍ ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കുമെന്ന സൂചനയാണ് അദേഹം നല്കുന്നത്.

എംഎല്‍എ എന്ന നിലയില്‍ നടത്തിയ മികച്ച പ്രകടനമാണ് സതീശനും പ്രസിഡന്റ് സ്ഥാനത്തിലേക്ക് സാധ്യത നല്കുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള ഊഷ്മള ബന്ധവും സതീശന് ഗുണകരമാണ്. എന്നാല്‍ വ്യക്തിജീവിതത്തിലെ ചില വിഷയങ്ങള്‍ പണ്ട് പരാതിയായി ഹൈക്കമാന്‍ഡിന് നല്കപ്പെട്ടിരുന്നു. ഇത് പൊടിതട്ടിയെടുത്ത് സതീശന്റെ വരവ് തടയാന്‍ എതിരാളികള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സതീശന്റെ അധ്യക്ഷസ്ഥാനം വഴുതിപ്പോയേക്കാം.

Related posts