കണ്ണൂരില്‍ 25 കിലോമീറ്ററിനുള്ളില്‍ മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാര്‍ ?

KNR-MINISTERSകണ്ണൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രിയും ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മന്ത്രിമാരുമായാല്‍ 25 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നാല് മന്ത്രിമാരെന്ന അപൂര്‍വതയ്ക്കു കണ്ണൂര്‍ വേദിയാകും. സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി മുഖ്യമന്ത്രിയും കടന്നപ്പള്ളി മന്ത്രിയുമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇ.പി. ജയരാജനും ശൈലജയും സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മന്ത്രിമാരാകുമെന്ന സൂചനയാണു നിലവിലുള്ളത്. അങ്ങനെ വന്നാല്‍ അടുത്തടുത്ത് കിടക്കുന്ന നാലു മണ്ഡലങ്ങളിലെ എംഎല്‍എമാരാണ് മന്ത്രിസഭയിലെത്തുക.

പിണറായിയുടെ ധര്‍മടവും കടന്നപ്പള്ളിയുടെ കണ്ണൂരും ഇ.പി. ജയരാജന്റെ മട്ടന്നൂരും ശൈലജയുടെ കൂത്തുപറമ്പും കണ്ണൂര്‍ ജില്ലയുടെ തെക്ക് ഭാഗത്ത് ചേര്‍ന്നുകിടക്കുന്ന മണ്ഡലങ്ങളാണ്. മന്ത്രിമാരുടെ പ്രാതിനിധ്യം ഈവിധം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കപ്പടുന്നത് ഒഴിവാക്കാന്‍ തീരുമാനമുണ്ടായാല്‍ ശൈലജയ്‌ക്കോ ജയരാജനോ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കാം.

ശൈലജ മൂന്നാംതവണയാണ് നിമയസഭിലെത്തുന്നത്. കേന്ദ്രകമ്മിറ്റി അംഗത്തിനു പുറമെ ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ് ശൈലജ. ഇടത് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശൈലജയ്ക്കുതന്നെയാണു മുന്‍ഗണന. എന്നാല്‍ കണ്ണൂരിലെ മന്ത്രിസ്ഥാനം നാലില്‍നിന്നു കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ശൈലജയ്ക്കു മാറിനില്‍ക്കേണ്ടിവന്നേക്കാം. ശൈലജ ഒഴിവായാല്‍ കുണ്ടറയില്‍നിന്നു മൂന്നാംതവണ നിയമസഭയിലെത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കു നറുക്കുവീഴാന്‍ സാധ്യതയുണ്ട്.

മുഖ്യമന്ത്രിയാകുന്ന പിണറായി ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്നു. ഇത്തവണ മന്ത്രിയാകാന്‍ സാധ്യതയുള്ള കടന്നപ്പള്ളിയാകട്ടെ വിഎസ് മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയുമായിരുന്നു. പിണറായി രണ്ടുവര്‍ഷവും കടന്നപ്പള്ളി രണ്ടരവര്‍ഷവുമായിരുന്നു മന്ത്രിയായിരുന്നത്. ചടയന്‍ ഗോവിന്റെ മരണത്തെ തുടര്‍ന്ന് പിണറായി മന്ത്രി സ്ഥാനം രാജിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. വിഎസ് മന്ത്രിസഭ കലാവധിയുടെ പകുതി പിന്നിട്ടശേഷമാണ് കടന്നപ്പള്ളിക്കു മന്ത്രിസ്ഥാനം ലഭിച്ചത്.

പിണറായി വിജയന്‍ അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്. കൂത്തുപറമ്പില്‍നിന്നു മൂന്നുതവണയും പയ്യന്നൂരില്‍നിന്നു ഒരുതവണയുമാണ് ഇതിനുമുമ്പ് പിണറായി വിജയിച്ചത്. കടന്നപ്പള്ളി ഇരിക്കൂര്‍, എടക്കാട് എന്നിവിടങ്ങളില്‍നിന്നു നിയമസഭയിലെത്തിയിരുന്നു. കാസര്‍ഗോഡ് നിന്നു രണ്ടുതവണ കടന്നപ്പള്ളി ലോക്‌സഭയിലുമെത്തി. മട്ടന്നൂരില്‍നിന്നു രണ്ടാംതവണ നിയമസഭയിലെത്തിയ ഇ.പി. ജയരാജന്‍ അഴീക്കോട് നിന്നും ഒരു തവണ എംഎല്‍എയായിരുന്നു. കെ.കെ. ശൈലജ കൂത്തുപറമ്പില്‍നിന്നു രണ്ടാംതവണയാണ് നിയമസഭയിലെത്തുന്നത്. പേരാവൂരില്‍നിന്നു ഒരുതവണ എംഎല്‍എയായി.

Related posts