അടുത്തിടെ പ്രണയബന്ധം അവസാനിപ്പിച്ച ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ കത്രീന കെയ്ഫും രണ്‍ബീര്‍ കപൂറും സംവിധായകനു തലവേദനയാകുമോയെന്നാണ് ബോളിവുഡ് പ്രേക്ഷകരുടെ ചോദ്യം. വര്‍ഷങ്ങളോളം നീണ്ട പ്രണയം, മുംബൈയില്‍ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമായി വാങ്ങി ഒരുമിച്ചു താമസം, അവസാനം പ്രണയം വിവാഹത്തില്‍ വരെയെത്തുമെന്നായപ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ക്ക് പറഞ്ഞ് വേര്‍പിരിയില്‍-ഇതായിരുന്നു കത്രീന രണ്‍ബീര്‍ പ്രണയത്തിന്റെ രൂപം.
സ്‌നേഹിച്ചുനില്‍ക്കുന്ന സമയത്ത് ഇരുവരും കരാറൊപ്പിട്ട ചിത്രമാണ് അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗ ജസൂസ് എന്ന ചിത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ തുടങ്ങിയിരിക്കുകയാണ്. ചിത്രത്തില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന കത്രീനയും രണ്‍ബീറും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം കാണാനോ മിണ്ടാനോ ശ്രമിക്കാറില്ലത്രേ. രണ്ടുപേരും ഒരുമിച്ചില്ലാത്ത രംഗങ്ങളാണ് അനുരാഗ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്.
രണ്ടുപേരെയും ഒരുമിച്ചു നിര്‍ത്തി ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ ഇവരുടെ പിണക്കം ചിത്രത്തിന്റെ മൊത്തത്തിലുള്ള മികവിനെ ബാധിക്കുമോയെന്നു സംവിധായകനും ആശങ്കയില്ലാതില്ല. പക്ഷേ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സിനിമാ അഭിനയത്തില്‍ ഇരുവരും കൊണ്ടുവരില്ലെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍ ഇപ്പോള്‍. എന്തായാലും ഇവരുടെ ലൊക്കേഷനിലെ ഓരോ ചലനവും വാര്‍ത്തയാക്കാനാണ് പപ്പരാസികളുടെ തീരുമാനം.