ആറന്മുള: പള്ളിയോടങ്ങളുടെ നാട്ടില്‍ ഓണത്തിനുള്ള ഒരുക്കം തുടങ്ങി. തിരുവോണത്തോണി യാത്ര നാളെയാണ്. ഇതിനു പിന്നാലെയെത്തുന്ന ഉത്രട്ടാതി ജലോത്സവംവരെയുള്ള നാളുകളില്‍ കരകളില്‍ തിരക്കാണ്.കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയു ള്ള കരകളിലെ പള്ളിയോടങ്ങളാണ് തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനും ഉത്രട്ടാതി ജലമേളയില്‍ പങ്കെടു ക്കാനുമുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്. ആറന്മുളയില്‍ നടന്നുവരുന്ന വഴിപാട് വള്ളസദ്യകള്‍ക്കെത്തുന്ന പള്ളിയോടങ്ങള്‍ക്ക് ഇപ്പോള്‍തന്നെ ആറന്മുളയില്‍ വന്നുപോകുന്നു.
നാളെ കാട്ടൂരില്‍ നിന്നു പരമ്പരാഗത ആചാരങ്ങളോടെ തിരുവോണ വിഭവങ്ങളുമായി ആറന്മുളയിലേക്കുള്ള യാത്രയ്ക്കായി മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരി ഇന്നലെ കുമാരനല്ലൂരില്‍ നിന്ന് അകമ്പടിത്തോണിയേറിയിട്ടുണ്ട്. മങ്ങാട്ട് ഇല്ലത്തെ നാരായണഭട്ടതിരിയാണ് ഇത്തവണയും ആറന്മുളയിലേക്കു തിരിച്ചിരിക്കുന്നത്. 66 കാരനായ ഇദ്ദേഹത്തിന് ഇത് 18-ാമത്തെ യാത്രയാണ്. പ്രത്യേകം തയാറാക്കിയ ചുരുളന്‍വള്ളമാണ് ഭട്ടതിരിയുടെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. മീനച്ചിലാറിന്റെ കൈവഴികളിലൂടെ ആര്‍ ബ്ലോക്കിലെത്തി അവിടെനിന്ന് കാവാലം, കിടങ്ങറ, വെളിയനാടുവഴി ഇന്നു പുലര്‍ച്ചെ തിരുവല്ല മൂവടത്തുമഠത്തിലെത്തും. അവിടെനിന്ന് പമ്പാനദിയിലൂടെ യാത്ര തിരിച്ച് ആറന്മുള സത്രക്കടവിലെത്തും.
ആറന്മുള സത്രത്തിലാണ് ഇന്നു രാത്രി താമസം. നാളെ പുലര്‍ച്ചെ കാട്ടൂരിലേക്ക് യാത്ര തിരിക്കും. ഇതിനു മുമ്പായി ആറന്മുളയില്‍ നിന്നു തിരുവോണത്തോണി കാട്ടൂരിലേക്കു പുറപ്പെടും. ഉച്ചപൂജയ്ക്കു മുമ്പായി ഭട്ടതിരി കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെത്തും. കാട്ടൂരിലെ കരക്കാര്‍ തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങള്‍ എത്തിക്കും. ആറന്മുളയിലെ തിരുവോണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിലാണ് മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിമാര്‍ വര്‍ഷങ്ങളായി ഉത്രാടം നാള്‍ സന്ധ്യയ്ക്കു തോണിയേറുന്നത്. ദീപാരാധനയ്ക്കുശേഷം തിരുവോണ വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തോണിയേറുമ്പോള്‍ അകമ്പടി പോകുന്നതിനാല്‍ ആറന്മുള പള്ളിയോടങ്ങളുമെത്തും.
ഉത്രാടം നാള്‍ രാത്രിയിലും തിരുവോണം നാള്‍ പുലര്‍ച്ചെയുമായി പമ്പയിലൂടെ യാത്ര ചെയ്യുന്ന തോണിയെ കരകളില്‍ മണ്‍ചിരാതുകള്‍ ഒരുക്കി സ്വീകരിക്കും. പുലര്‍ച്ചെ തോണി ക്ഷേത്രക്കടവിലെത്തും. കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്നു കൊളുത്തിക്കൊണ്ടുവരുന്ന ഭദ്രദീപം ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്കില്‍ പകര്‍ന്നശേഷമാണ് പൂജകള്‍ തുടങ്ങുന്നത്. തിരുവോണത്തോണിയില്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍ ചേര്‍ത്താണ് തിരുവോണദിവസം ആറന്മുള ക്ഷേത്രത്തില്‍ സദ്യ ഒരുക്കുന്നത്. പള്ളിയോടങ്ങളുടെ അകമ്പടിയോടെയുള്ള തിരുവോണത്തോണി യാത്രയെ അനുസ്മരിച്ചാണ് ഉത്രട്ടാതി നാളില്‍ പമ്പയില്‍ ജലോത്സവം നടക്കുന്നതെന്നാണ് ഐതിഹ്യം.