ചേലക്കര: ഉത്സവാഘോഷങ്ങളുടെ തകര്‍ച്ച നമ്മുടെ സംസ്കാരത്തിന്റെ തായ്വേര് തന്നെ ഇല്ലാതാക്കുമെന്നു ജയരാജ് വാര്യര്‍ പറഞ്ഞു. ചേലക്കരയില്‍ നടന്ന കേരള സംസ്ഥാന ഉത്സവാഘോഷ ഏകോപനസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി നിലനില്‍ക്കുന്ന ഉത്സവത്തിനു മാത്രമേ ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യനെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കൂ. കരിയും വേണ്ട കരിമരുന്നും വേണ്ടെന്നു പറയുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണ്. നമ്മുടെ സംസ്കാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ പൂരപ്രേമികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്തിമഹാകാളന്‍ കാവ് വേല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് രാജേഷ് നമ്പ്യാത്ത് അധ്യക്ഷനായി. കെ. ശശിധരന് കൊണ്ടാഴി വിഷയാവതരണം നടത്തി. കെ. സന്താന ഗോപാലന്, പി.കെ. സുനില്‍, എം. അരുണ്‍കുമാര്‍, ടി.എസ്. പരമേശ്വരന്, ബാബുതേലക്കാട്ട്, രാജന് നമ്പ്യാത്ത്, എം.എസ്. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഉത്സവങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്ന വിഷയത്തില്‍ ഗവേഷണംനടത്തുകയാണ് ഉദ്യോഗസ്ഥ വൃന്ദങ്ങളെന്നും ജനപ്രതിനിധികള്‍ അതിന് കൂട്ടുനില്‍ക്കരുതെന്നും ചിലലോബികള്‍ തന്നെ ഇതിനു പിന്നിലുണ്ടെന്നും വിവിധ ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ജില്ലാതല ഏകോപന സമിതികള്‍ രൂപീകരിക്കാനും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, ജാതി-മത ഭേദമെന്യേ ഉത്സവാഘോഷ പ്രേമികള്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരടങ്ങിയ പത്തുലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ചടങ്ങില്‍ പ്രതിഷേധ സൂചകമായി കരിയുംവേണം കരിമരുന്നും വേണമെന്നു രേഖപ്പെടുത്തി നാരാങ്ങാദീപം തെളിയിക്കലും കമ്പിത്തിരി, മത്താപ്പ് തുടങ്ങിയവ കത്തിക്കുകയും ചെയ്തു.
കേരളസംസ്ഥാന ഉത്സവാഘോഷ ഏകോപനസമിതി ഭാരവാഹികളായി ജയരാജ് വാര്യര്‍- രക്ഷാധികാരി, പി.കെ. സുനില്‍ പങ്ങാരപ്പിള്ളി- ചെയര്മാന്, ജിയോഫോക്സ്- വൈസ് ചെയര്മാന്, എന്‍. ശിവദാസ് ആറാട്ടുപുഴ- കണ്വീനനര്, കെ.സന്താനഗോപാലന്- ജോയിന്റ് കണ്‍വീനര്‍, കെ. ശശിധരന് കൊണ്ടാഴി- പിആര്‍ഒ) എന്നിവരുടെ നേതൃത്വത്തില്‍ 51അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു.