കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി നാട്ടിലെ താരങ്ങളായി യാസീനും അന്‍ഷാദും

ktm-yasinകാഞ്ഞിരപ്പള്ളി: സാമ്പത്തിക ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്ന കുടുംബത്തിലെ കുട്ടികളെങ്കിലും വഴിയില്‍നിന്നു കളഞ്ഞു കിട്ടിയ 85000 രൂപ ഉടമയ്ക്ക് തിരികെ നല്‍കി കുട്ടികള്‍ സമൂഹത്തിന് മാതൃകയായി. വാഴേപറമ്പില്‍ താമസക്കാരായ വയലുങ്കല്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (14), വാഴേപറമ്പില്‍ വി.എസ്. അയൂബിന്റെ മകന്‍ അന്‍ഷാദ് (16) എന്നിവരാണ് കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി ഏവരുടെയും പ്രശംസയ്ക്ക് അര്‍ഹരായത്.

കൂട്ടുകാരായ യാസീനും അന്‍ഷാദും ഇന്നലെ ഉച്ചയ്ക്ക് കെഎംഎ ഹാളിനു സമീപത്തുകൂടി നടന്നുപോവുമ്പോഴാണ് റോഡില്‍ രണ്ടു നോട്ടുകെട്ടുകള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇരുവരും നോട്ടുകെട്ട് കൈയിലെടുത്തുവെങ്കിലും ഇത്രയധികം പണം കണ്ട് ഇവര്‍ ഭയന്നു. ഏതു വിധേനയും ഉടമയെ കണെ്ടത്തി പണം തിരികെ നല്‍കണമെന്ന് നിശ്ചയിച്ച ഇരുവരും പണം നൈനാര്‍പള്ളിയിലെ മുഅദ്ദിന്‍ അബ്ദുള്‍ സമദ് മൗലവിയെ കണ്ടു വിവരങ്ങള്‍ പറഞ്ഞ് പണം കൈമാറി. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് പണത്തിന്റെ ഉടമയെ കണെ്ടത്തിയത്. പേട്ട സ്കൂളിനു സമീപം രാമനാട്ടുപുരയിടത്തില്‍ ഫിറോസിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.

കെട്ടിട നിര്‍മാണ കരാറുകാരനായ ഫിറോസ് തൊഴിലാളികള്‍ക്ക് കൊടുക്കുന്നതിനായി രണ്ടു കെട്ടുകളായി കൊണ്ടുപോയ 85000 രൂപയാണ് നഷ്ടപ്പെട്ടത്. ഉടമയെ കണെ്ടത്തിയതോടെ പണം കൈമാറുകയും ചെയ്തു. സിറാജുല്‍ ഉലൂം മദ്രസാ വിദ്യാര്‍ഥികളായ യാസീന്‍, അന്‍ഷാദ് എന്നിവരുടെ സത്യസന്ധതയെ നൂര്‍മസ്ജിദ് ഭാരവാഹികള്‍ അഭിനന്ദിച്ചു. പ്രസിഡന്റ് ആസിഫ് കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഫൈസല്‍ എം. കാസിം, ഇമാം സക്കീര്‍ ഹുസൈന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

Related posts