കളമശേരി: റോഡരികില്‍ വലിച്ചെറിയുന്ന മാലിന്യം കൊണ്ട് പൊറുതിമുട്ടിയ കളമശേരി നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ ആറംഗ സ്ക്വാഡ് രൂപീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത് ഒരു ലോറി മാലിന്യം. ഇന്നലെ രാത്രി 11 മണിയോടെയാണ് സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡില്‍ രഹസ്യമായി കുഴിച്ചിടാന്‍ മാലിന്യവുമായെത്തിയ ലോറി പിടികൂടിയത്.മാലിന്യം തള്ളാനെത്തിയ ലോറി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്ററിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. ലോറിയില്‍ ചാക്കുകളില്‍ കെട്ടിയാണ് മാലിന്യം തള്ളാനെത്തിയത്. ലോറി ഡ്രൈവറെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മാലിന്യം തള്ളുവാന്‍ എത്തുന്നവരെ പിടികൂടാന്‍ പ്രത്യക സ്ക്വാഡ് ഇന്നലെ രാവിലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗം തിരുമാനിച്ചിരുന്നു. ഇവര്‍ നടത്തിയ ആദ്യ പരിശോധന രാത്രി 10.30ന് ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മാലിന്യ ലോറി പിടികൂടുകയായിരുന്നു. കളമശേരി നഗരസഭയിലെ 42 വാര്‍ഡുകളിലെയും തെരുവോരങ്ങളില്‍ മാലിന്യം തള്ളുന്നത് ഇല്ലാതാക്കാനും ഇത് ചെയ്യുന്നവരെ പിടികൂടാനുമാണു കൗണ്‍സിലര്‍മാരുടെ ആറംഗ സംഘം രൂപീകരിച്ചത്. ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരടങ്ങുന്ന ഈ സംഘം രാവും പകലും നഗരസഭയുടെ വിവിധ ങ്ങളില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തും.
ഏറ്റവും കൂടുതല്‍ മാലിന്യ നിക്ഷേപം നടക്കുന്ന എച്ച്എംടി മെഡിക്കല്‍ കോളജ് മേഖലയടക്കം വാര്‍ഡുകള്‍ തിരിച്ചാണ് പരിശോധന. കളമശേരി നിവാസികളെ കൂടാതെ സമീപ പ്രദേശങ്ങളില്‍ നിന്നു വാഹനങ്ങളില്‍ വരുന്നവര്‍ കവറില്‍ കെട്ടി മാലിന്യം ഉപേക്ഷിക്കുന്നതായി കണ്ടതോടെയാണ് സ്ക്വാഡ് രൂപീകരിക്കാന്‍ തീരുമാനമായത്.
ഇതോടൊപ്പം തെരുവു കേന്ദ്രീകരിച്ചുള്ള അനധികൃത വ്യാപാരങ്ങളും തടയും. നഗരസഭയ്ക്ക് ലൈസന്‍സ് വഴി ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുന്നതു കൂടാതെ കടക്കാര്‍ ഉപേക്ഷിക്കുന്ന മാലിന്യം വൃത്തിയാക്കേണ്ട ചുമതലയും നഗരസഭയ്ക്ക് വരുന്നതാണ് ഇതിനു കാരണം. ഏറ്റവും കൂടുതല്‍ മാലിന്യ നിക്ഷേപം നടക്കുന്ന എച്ച്എംടി മെഡിക്കല്‍ കോളജ് മേഖലയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും അടിയന്തിര കൗണ്‍സില്‍ യോഗം തീരുമാനിച്ചു.