രുചിയും മണവുമുള്ള സിഗരറ്റുകളുടെ വില്പന സംസ്ഥാനത്ത് വ്യാപകം, വാങ്ങുന്നവരിലേറെയും സ്ത്രീകളും കുട്ടികളും

ekm-cigarattuസ്ത്രീകളേയും കുട്ടികളേയും പുകവലിയിലേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ ഫ്‌ളേവേഡ് സിഗരറ്റുകള്‍ നഗരത്തില്‍ വ്യാപകമാകുന്നു. കഴിഞ്ഞദിവസം എറണാകുളം കലൂരിലെ ഒരു ഗോഡൗണില്‍ നിന്നും സമീപ പ്രദേശത്തെ കടകളില്‍ നിന്നുമായി ഏഴു ലക്ഷം രൂപയുടെ സിഗരറ്റാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രുചിയും മണവുമുള്ള ഇത്തരം സിഗരറ്റുകളുടെ ഉപഭോക്താക്കള്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. സ്‌ട്രോബറി, മുന്തിരി, ഗ്രീന്‍ ആപ്പിള്‍ തുടങ്ങിയ ഫ്‌ളേവറുകളില്‍ ഇവ ലഭ്യമാണ്.

ഇന്ത്യയില്‍ നിര്‍മിച്ചതും വിദേശത്തു നിന്നു കൊണ്ടുവന്നതുമായ സിഗരറ്റുകള്‍ ഇതില്‍ പെടും. നിയമപ്രകാരമുള്ള മുന്നറിയിപ്പോ മറ്റ് വിവരങ്ങളോ ഇത്തരം സിഗരറ്റിന്റെ കവറില്‍ രേഖപ്പെടുത്തിയിട്ടില്ല. കാഴ്ചയില്‍ പേനയെന്നു തോന്നിക്കുന്ന സിഗരറ്റും ഇക്കൂട്ടത്തിലുണ്ട്. സ്കൂള്‍ കോളേജ് പരിസരങ്ങളില്‍ സിഗരറ്റ് വില്പന നിരോധിച്ചിട്ടുണ്ടെങ്കിലും കരിഞ്ചന്തയില്‍ സിഗരറ്റുകള്‍ ലഭ്യമാണ്. ഫ്‌ളേവേഡ് സിഗരറ്റുകള്‍ കൂടാതെ പേസ്റ്റ് രൂപത്തലുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തവയില്‍ പെടും.

തേങ്ങാപ്പീരയും തേനും ചേര്‍ത്തുണ്ടാക്കുന്ന പേസ്റ്റില്‍ നിക്കോട്ടിന്റെ അംശം ഉള്ളതായി എക്‌സൈസ് ഡെപ്യൂട്ടി കമിഷണര്‍ എ.കെ. നാരായണന്‍ കുട്ടി പറഞ്ഞു. പശ്ചിമ കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും ഫ്‌ളേവേഡ് സിഗരറ്റുകള്‍ വിപണനം ചെയ്യുന്നതായി സംശയമുണ്ട്.

Related posts