കൊച്ചി: ഗള്‍ഫിലും യൂറോപ്പിലും ജോലി ലാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ തട്ടിപ്പു നടത്തിയ മൂന്നംഗ സംഘത്തിനു വിദേശത്തും കണ്ണികളെന്നു സൂചന. കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത കോതമംഗലം പൂയംകുട്ടി കളത്തിനാല്‍ വീട്ടില്‍ ഷിജു മാത്യു( 38), തിരുവല്ല പുല്ലാട് കോയിപ്ര വല്യാനക്കുഴി വീട്ടില്‍ രാജീവ് മാത്യു(33), തിരുവാണിയൂര്‍ പട്ടശേരിവീട്ടില് വാടകയ്ക്കു താമസിക്കുന്ന ജോഷി(40) എന്നിവര്‍ക്കു വിദേശത്തു വന്‍ തട്ടിപ്പു സംഘവുമായി ബന്ധമുണ്ടെന്നു പോലീസിനു സൂചന ലഭിച്ചു.
കാക്കനാട്ട് ഈച്ചമുക്കില്‍ ഓസോണ്‍ ഓവര്‍സീസ് എന്ന പേരില്‍ ഏജന്‍സി നടത്തി കോടികള്‍ തട്ടിച്ചകേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കേരളത്തിന്റെ പലഭാഗത്തായി ഇത്തരം റിക്രൂട്ടിംഗ് ഏജന്‍സികള്‍ ആരംഭിക്കുകയും നാലുമാസത്തിനുളളില്‍ പരമാവധി ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിച്ച് അടുത്ത കേന്ദ്രത്തിലേയ്ക്ക് മാറുകയുമാണ് ഇവരുടെ രീതി. ജോലി പ്രതീക്ഷിച്ച് പണം നല്‍കാനെത്തുന്നവരുടെ വിശ്വാസ്യതയ്ക്കായി വിദേശത്തുള്ള ഇവരുടെ ഏജന്റുമായി സംസാരിക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. ഈ ഏജന്റിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
15 ലക്ഷം രൂപ വാങ്ങി ദുബായിലേയ്ക്ക് വിസിറ്റിംഗ് വീസയില്‍ കയറ്റിവിട്ട യുവതികള്‍ ദുബായില്‍ എത്തിയപ്പോഴാണ് തങ്ങള്‍ക്ക് ചതിവ് പറ്റിയെന്നു മനസിലാക്കുന്നത്. പുതുതായി ആരംഭിക്കുന്ന ഓഫീസുകളില്‍ മാനേജര്‍മാരായി ഇവരുടെ തന്നെ സ്വാധീനമുള്ള യുവതികളെയാണ് നിയമിക്കാറുള്ളത്. ഈ യുവതികള്‍ക്കും ഓഫീസിന്റെ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായി അറിവുള്ളതാണ്.
ദുബായില്‍ ഇവരുടെ തട്ടിപ്പില്‍ അകപ്പെട്ട ആലപ്പുഴക്കാരി യുവതിയ്ക്ക് നഷ്ടമായത് 15 ലക്ഷം രൂപയാണ്. പണം നല്കുന്നവര് ജോലി ലഭിക്കാതെ വരുമ്പോള്‍ ഇവര്‍ പണം തിരികെ ചോദിക്കുമ്പോള്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തിരിച്ച് ഭീഷണിപ്പെടുത്തുന്നതും നിത്യസംഭവമായി മാറിയിരുന്നു. തുടര്‍ന്ന് മധ്യസ്ഥതയ്ക്കായും ചിലരെ നിയോഗിച്ചിരുന്നു. ഇവരെക്കുറിച്ചും ഇപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പു നടത്തിയവര്‍ തന്നെ പണം തിരികെ നല്‍കാമെന്നും വിശ്വാസത്തിനായി ചെക്കുകളും നല്‍കിയിരുന്നു. ഈ ചെക്കുകള്‍ എല്ലാം ഇവര്‍ നല്‍കിയിരുന്നത് മധ്യസ്ഥന്‍ മുഖേനെയായിരുന്നു.
ജോലി പ്രതീക്ഷിച്ച് പണം നല്‍കുന്നവര്‍ക്ക് പിന്നീട് റിക്രൂട്ടിംഗ് ഏജന്‍സിയുമായി ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് മധ്യസ്ഥനുമായി ബന്ധപ്പെടുമ്പോള്‍ പണം തിരികെ വാങ്ങിത്തരാന്‍ കമ്മീഷന് വേണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും പരാതിക്കാര്‍ പോലീസിനോട് പറഞ്ഞു.
കെട്ടിട ഉടമയ്ക്കും നല്‍കിയത് വ്യാജ മേല്‍വിലാസം
കൊച്ചി: കാക്കനാട്ട് ഈച്ചമുക്കില്‍ ഓസോണ്‍ ഓവര്‍സീസ് എന്ന സ്ഥാപനം ആരംഭിക്കുന്നതിനായി രാജീവ് മാത്യുവും സംഘവും സ്പെഷല്‍ ഇക്കണോമിക് സോണിനു സമീപത്തുള്ള കെട്ടിടം വാടകയ്ക്കെടുത്തതും വ്യാജ മേല്‍വിലാസം ഉപയോഗിച്ച്. പാലക്കാട് നെന്മാറ സ്വദേശിയുടെ പേരിലാണ് ഇവര്‍ ഈ കെട്ടിടം വാടകയ്ക്കെടുത്തത്. നാലുമാസത്തെ വാടക നല്‍കാതെയാണ് ഇവര്‍ ഒടുവില്‍ സ്ഥാപനം പൂട്ടി കടന്നു കളഞ്ഞത്.
തുടര്‍ന്നു സ്ഥാപന ഉടമ പണം ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ചിറ്റൂര്‍ റോഡില്‍ പുതിയ സ്ഥാപനം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ മറുപടി. സമീപത്തെ മറ്റു സ്ഥാപനങ്ങളുമായി ഇവര്‍ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.. മൊബൈല്‍ കണക്ഷന് എടുത്തതും മറ്റു പലരുടേയും പേരിലാണ്. മറയൂര്‍ സ്വദേശിനിയുടെ പേരിലാണ് രാജീവ് മാത്യു ഉപയോഗിക്കുന്ന ഫോണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍വാണിഭ സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മരട് പോലീസ് സ്റ്റേഷനില്‍ പെണ്‍വാണിഭത്തിനു സംഘത്തിലെ മറ്റൊരാളായ ജോഷിക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.