കള്ളമല: ചിന്നപ്പറമ്പില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകൂട്ടം അക്രമാസക്തമായി. ഇന്നലെ രാവിലെയാണ് ചിന്നപ്പറമ്പില്‍ കുട്ടിയാനയു ള്‍പ്പെടെ അഞ്ചംഗസംഘം പ്രത്യക്ഷപ്പെട്ടത്. ടാറിംഗ് റോഡിലൂടെ കൂട്ടമായി നടകൊണ്ട ആനകൂട്ടം ചിലസമയം അക്രമാസക്തമായി ജനങ്ങളെ ഓടിച്ചു. കള്ളമല, കല്ക്കണ്ടി, വണ്ടംപാറ, ഒമ്മല, ചിന്നപ്പറമ്പ് പ്രദേശങ്ങില്‍ കാട്ടാന നിത്യസന്ദര്‍ശകരായി, പകല്‍സമയത്തും റോഡിലൂടെ വിഹരിക്കുന്ന കാട്ടാനകള്‍ ജനങ്ങള്‍ക്ക് ഭീഷണിയായി വിദ്യാര്‍ഥികള്‍ സ്കൂളിലേക്കും തിരിച്ചും കാല്‍നടയായാണ് യാത്രചെയ്യുന്നത്.
കള്ളമല, കല്ക്കണ്ടി, മുക്കാലി ഭാഗങ്ങളില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്കെത്തുന്നവര്ക്കും കൂലിപ്പണിക്കാര്‍ക്കും കാട്ടാന പേടിസ്വപ്നവുമായി. ഇന്നലെ രാവിലെ 6.30ന് ആനമൂളി ചുരത്തില്‍ പാലവളവിനു സമീപം കെഎസ്ആര്‍ടിസി ബസും മറ്റു വാഹനങ്ങളും ആനക്കൂട്ടം തടഞ്ഞു. അഗളിയില്‍ നിന്നെത്തിയ കാട്ടാന സ്ക്വാഡ് ജീവനക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഇന്നലെ കാട്ടാനകളെത്തി ആനമൂളി വനത്തിലേക്കുവിട്ടത്.
ഏതുസമയവും ആനക്കൂട്ടം തിരിച്ചെത്തുമെന്നുള്ള ഭയപ്പാടിലാണ് പ്രദേശത്തെ കുടിയേറ്റ കര്‍ഷകരും ആദിവാസികളും. വനമേഖലകളില്‍ നിന്നും വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാത്തവിധം ഇലക്ട്രിക് ഫെന്‍സിംഗ്് നടത്തിയോ മറ്റുമാര്ഗങ്ങളുപയോഗിച്ചോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളാവശ്യപ്പെടുന്നത്. അട്ടപ്പാടിയുടെ താഴ് വരയായ ആനമൂളിയില്‍ ഇന്നലെ കാട്ടാനയിറങ്ങി വീട്ടമ്മയെ ചവിട്ടി കൊന്നിരുന്നു.