കഴക്കൂട്ടം: കാട്ടായിക്കോണത്ത് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത കേസില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. കാട്ടായിക്കോണം മടവൂര്‍പാറ സ്വദേശി പ്രവീണ്‍ (26), മടവൂര്‍പാറ സ്വദേശി കണ്ണൂരാന്‍ (23), ചേങ്കോട്ടുകോണം സ്വദേശി ശ്യാം (21), കാട്ടായിക്കോണം സ്വദേശികളായ പ്രണവ് ( 23), ഷിജു (30), അഭിലാഷ് (26),പ്രതാപ് (37), സുര്‍ജിത് (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതില്‍ സുര്‍ജിത് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സന്തോഷ് (40) അറസ്റ്റിലായിരുന്നു. പോത്തന്‍കോട് സിഐ പ്രമോദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോത്തന്‍കോട് സിഐ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലും പെട്ട 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാട്ടായിക്കോണം പ്രദേശത്ത് വന്‍ പോലീസ് സന്നാഹം തുടരുകയാണ്. കഴിഞ്ഞ ദിവസം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ജീപ്പ് അടിച്ചുതകര്‍ത്ത കേസിലാണ് ഇവരെല്ലാം അറസ്റ്റിലായിട്ടുള്ളത്. വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകന്‍ അമല്‍കൃഷ്ണയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.