കാണാതായ മലയാളികള്‍ എവിടെ? യഹിയ പ്രണയം നടിച്ചു മെറിനെ മതം മാറ്റാന്‍ ശ്രമിച്ചു; മതപരിവര്‍ത്തനം ചെയ്യിച്ച് ഐഎസിലേക്കു റിക്രൂട്ട് ചെയ്‌തെന്നു പോലീസ് റിപ്പോര്‍ട്ട്

merinകൊച്ചി: മലയാളി യുവതിയെ മതപരിവര്‍ത്തനം നടത്തി ഇസ്‌ലാമിക് സ്‌റ്റേറ്റിലേക്കു (ഐഎസ്) റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ 14 ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈയില്‍നിന്ന് അറസ്റ്റിലായ ഒന്നാം പ്രതി ആര്‍ഷി ഖുറേഷി, മൂന്നാം പ്രതി റിസ്‌വാന്‍ ഖാന്‍ എന്നിവരെയാണു കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

കേരളത്തില്‍നിന്നു കാണാതായ 21 മലയാളികള്‍ക്ക് ആര്‍ഷി ഖുറേഷിയുമായും റിസ് വാന്‍ ഖാനുമായും ബന്ധമുണ്ടോ എന്നകാര്യങ്ങളില്‍ ചോദ്യം ചെയ്യലില്‍ വ്യക്തതയുണ്ടാകുമെന്നാണു പോലീസ് കരുതുന്നത്. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടോ എന്നറിയാനും കൂടുതല്‍ പരിശോധന അനിവാര്യമാണ്. കേസിലെ രണ്ടാം പ്രതി യഹിയയ്‌ക്കൊപ്പം ആര്‍ഷി ഖുറേഷിയും റിസ്‌വാന്‍ ഖാനും ചേര്‍ന്നു ഗൂഢാലോചന നടത്തി കൊച്ചി സ്വദേശിനി മെറിന്‍ ജേക്കബിനെ മതപരിവര്‍ത്തനം ചെയ്യിച്ച് തീവ്രവാദസംഘടനയായ ഐഎസിലേക്കു റിക്രൂട്ട് ചെയ്‌തെന്നാണു പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

യഹിയ പ്രണയം നടിച്ചാണു മെറിനെ മതം മാറ്റാന്‍ ശ്രമിച്ചതെന്നും പോലീസ് വ്യക്തമാക്കി. 2014 സെപ്റ്റംബറില്‍ ഇസ്‌ലാം മതം സ്വീകരിച്ച മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണു പോലീസ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. മെറിന്‍ ജേക്കബിന്റെ (മറിയം) സഹോദരന്‍ എബിന്‍ ജേക്കബിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

പ്രതികള്‍ തന്നെയും മതംമാറ്റി ഐഎസിലേക്കു റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി എബിന്‍ മൊഴി നല്‍കിയെന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഖുറേഷിയും യഹിയയും ചേര്‍ന്ന് അമുസ്‌ലിമുകളെ ഇല്ലായ്മ ചെയ്യാനും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമികവത്കരണം നടത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എബിനെ നിര്‍ബന്ധിച്ചു. പാലാരിവട്ടം പോലീസില്‍ ഇതുസംബന്ധിച്ച കേസ് നിലവിലുണ്ടെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.വി. വിജയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts