കായംകുളം താലൂക്കാശുപത്രിയിലെ ട്രോമോകെയര്‍ യൂണിറ്റ് നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങി

ALP-TROMACAREകായംകുളം: നൂറു കണക്കിനു രോഗികള്‍ ചികിത്സ തേടിയെത്തുന്ന കായംകുളം താലൂക്കാശുപത്രിയില്‍ ട്രോമാകെയര്‍ യൂണിറ്റ് ആരംഭിക്കാനുള്ള നടപടികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. ട്രോമാകെയര്‍ യൂണിറ്റ് ആരംഭിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഒരു വര്‍ഷംമുമ്പ് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രഖ്യാപനം നടത്തിയെങ്കിലും പഴയ അത്യാഹിതവിഭാഗം കെട്ടിടത്തിനു മുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ബോര്‍ഡില്‍ ഒതുങ്ങുകയാണ് ഇപ്പോള്‍ ട്രോമോ കെയര്‍ യൂണിറ്റ്.

പ്രഫ. പി.ജെ. കുര്യന്‍ എംപിയായിരുന്നപ്പോള്‍ യൂണിറ്റിനായി അനുവദിച്ച പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ആശുപത്രിക്കുള്ളില്‍ കെട്ടിടം നിര്‍മിച്ച് ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഉപയോഗശൂന്യമായിക്കിടന്ന ഈ കെട്ടിടം ഇപ്പോള്‍ ആശുപത്രിയുടെ  ഓഫീസായി പ്രവര്‍ത്തിക്കുകയാണ്. ദേശീയ പാതയ്ക്കരുകില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയിലും ദിനംപ്രതി വാഹനാപകടത്തില്‍ പരിക്കേല്ക്കുന്നവരെ ആദ്യമെത്തിക്കുന്ന പ്രധാന ആശുപത്രി എന്നതും പരിഗണിച്ചാണ് ഇവിടെ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞു വിടുകയാണ് പതിവ്. ഗുരുതരമായി പരിക്കേറ്റ് കൊണ്ടുവരുന്നവരുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല.  കൂടാതെ അടിയന്തിര ചികിത്സ ലഭ്യമാക്കാതെ പലപ്പോഴും മെഡിക്കല്‍ കോളജിലെത്തിക്കുമ്പോഴേക്കും അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെടുന്നതും പതിവാണ്. വേണ്ടത്ര ഡോക്ടര്‍ മാറില്ലാത്തതും കായംകുളം താലൂക്കാശുപത്രിയില്‍ ഇപ്പോള്‍ രോഗികള്‍ക്കു ദുരിതമായി മാറിയിരിക്കുകയാണ്.

Related posts