അമ്പലപ്പുഴ: അപ്രതീക്ഷിതമായുണ്ടായ മഴയും ന്യൂനമർദവും തീരപ്രദേശത്തെ വറുതിയിലാക്കി. പഞ്ഞമാസ സമ്പാദ്യപദ്ധതി പ്രകാരം മൽസ്യത്തൊഴിലാളികൾ സർക്കാരിലേക്ക് അടച്ച തുകയുടെ രണ്ടു ഗഡുവും നാളിതുവരെ ലഭിക്കാതായതോടെ തീർത്തും ദുരിതപൂർണമായി ഇവരുടെ ജീവിതം.
അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനയാനങ്ങൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ പ്രത്യേക മുന്നറിയിപ്പുണ്ട്.ഈ കഴിഞ്ഞ ട്രോളിംഗ് നിരോധന കാലയളവിലും ചെറുവള്ളങ്ങൾക്കു പ്രതീക്ഷയ്ക്കൊത്തു മത്സ്യം ലഭിച്ചിരുന്നില്ല. ഭൂരിഭാഗം ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തന്നെയാണ് തിരിച്ചടിയായത്. കടലിലെ ശക്തമായ നീരൊഴുക്കും പ്രതിസന്ധി സൃഷ്ടിച്ചു.
ജില്ലയിൽനിന്നുള്ള കൂടുതൽ വള്ളങ്ങളും തോട്ടപ്പള്ളി ഹാർബറിൽനിന്നാണ് മത്സ്യബന്ധനത്തിനു പോകുന്നത്. ഒരു വള്ളം കടലിൽ ചുറ്റിയടിച്ചു മത്സ്യ ബന്ധനം നടത്തണമെങ്കിൽ ഇന്ധനത്തിനുതന്നെ വലിയ തുക ചെലവാകും.ഇതിനിടയിൽ കപ്പലിൽനിന്നു വേർപെട്ടു ഒഴുകിനടക്കുന്ന കണ്ടെയ്നറിൽ വല കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടമാണ് പലർക്കുമുണ്ടായത്.
പൊന്തുകൾ കടലിൽപോകുന്നുണ്ടെങ്കിലും അവർക്കും കാര്യമായി മത്സ്യം ലഭിക്കുന്നില്ല. മഴക്കാലം കഴിഞ്ഞ് തീരക്കടലിൽ ആവോലി, മാച്ചാൻ, കണവ തുടങ്ങിയവയെത്തിയപ്പോൾ അന്യസംസ്ഥാനത്തുനിന്നുള്ള അനധികൃത മീൻപിടുത്തക്കാരുമെത്തി. കടലിൽ ശക്തമായ വൈദ്യുത പ്രകാശം പരത്തിയുള്ള മീൻപിടിത്തമാണ് ഇവർ നടത്തുന്നത്.
കമ്മീഷൻകാരായ ചില ഇടനിലക്കാരുടെ സഹായത്തോടെയാണ് ഇവർ മീൻ പിടിച്ചിരുന്നത്. എന്നാൽ, കടലിൽ ഇവരെ പരമ്പരാഗത വള്ളങ്ങൾ തടഞ്ഞു കെട്ടിവലിച്ചു കരയെത്തിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. തോട്ടപ്പള്ളിയിൽനിന്ന് ഇന്നലെ കടലിൽ ഇറക്കിയ ചില വള്ളങ്ങൾക്ക് ഒന്നോ, രണ്ടോ കുട്ട വട്ടമത്തി കിട്ടിയതൊഴിച്ചാൽ വല അടിക്കാതെയാണ് മറ്റു വള്ളങ്ങൾ തീരമണഞ്ഞത്.