കായംകുളം: ദേശീയപാതയില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ കായംകുളം മുതല്‍ ഹരിപ്പാടുവരെ പഴയ ദേശീയപാതകൂടി ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശം നടപ്പിലായില്ല. മതിയായ വീതിയില്ലാത്ത ദേശീയ പാത വീണ്ടും കുരുതിക്കള മായി മാറുന്നു. റോഡപകടങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് ടി.കെ.ചന്ദ്രശേഖരദാസാണ് തോട്ടപ്പള്ളി മുതല്‍ കൃഷ്ണപുരം വരെ ദേശീയപാതയിലെ അപകടമേഖലകള്‍ സന്ദര്‍ശിച്ചശേഷം കഴിഞ്ഞ വര്‍ഷം നടപടി ശിപാര്‍ശ ചെയ്തത്. റോഡിന്റെ വീതിക്കുറവാണ് ഇവിടെ അപകടങ്ങള്‍ പെരുകാന്‍ കാരണമെന്നു കമ്മീഷന് കണ്ടെത്തിയിരുന്നു.
മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടെയാണു കൂടുതല്‍ അപകടങ്ങളും സംഭവിക്കുന്നത്. കായംകുളം മുതല്‍ ഹരിപ്പാടുവരെ 14 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാത പ്രയോജനമില്ലാതെ കിടക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന പ്രധാന നിര്‍ദേശമാണ് കമ്മീഷന് മുന്നോട്ടുവച്ചത്. രണ്ടു റോഡുകളെയും ഡിവൈഡര്‍ സ്ഥാപിച്ചോ താത്കാലിക കമ്പിവേലി സ്ഥാപിച്ചോ വേര്‍തിരിച്ച് വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും ശിപാര്‍ശ ചെയ്തിരുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ നാലുവര്‍ഷം മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് നല്കിയ റിപ്പോര്‍ട്ടും വെളിച്ചം കാണാതെയിരിക്കുകയാണ്.
ആലപ്പുഴ മുതല്‍ കായംകുളംവരെ ദേശീയപാതയില്‍ രാത്രിയില്‍ മതിയായ വെളിച്ചമില്ലാത്തതിനാല്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്നു. ദേശീയപാതയ്ക്ക് വീതി കുറവായതിനാലും വാഹന ബാഹുല്യം കൂടുതലായതിനാലും അപകടസാധ്യത കൂടുന്നു. ദേശീയപാതയില്‍ നിരന്തരം ജീവന് പൊലിയുമ്പോഴും ഒരു പരിഹാര നടപടിയും ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്.