കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഗുജറാത്ത് ലയണ്‍സിന് ജയം

sp-kings-elevenമൊഹാലി: ഗുജറാത്തിന്റെ സിംഹങ്ങള്‍ ഗര്‍ജിച്ചുതുടങ്ങി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കന്നി മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. പഞ്ചാബ് കിംഗ്‌സിനെതിരേ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ ബാറ്റിംഗും (74) ഡ്വെയ്ന്‍ ബ്രാവോയുടെ ബൗളിംഗുമാണ് (നാലുവിക്കറ്റ്) സുരേഷ് റെയ്‌നയെയും കൂട്ടരെയും വിജയതീരത്തെത്തിച്ചത്. സ്‌കോര്‍: പഞ്ചാബ് ആറിന് 161, ഗുജറാത്ത് 17.4 ഓവറില്‍ അഞ്ചിന് 162.

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഫീല്‍ഡിംഗാണ് തിരഞ്ഞെടുത്തത്. റെയ്‌നയുടെ തീരുമാനം തെറ്റാണെന്നു തോന്നിപ്പിച്ചുകൊണ്ടാണ് പഞ്ചാബ് ഓപ്പണര്‍മാരായ മനന്‍ വോറയും മുരളി വിജയും തുടങ്ങിയത്. രണ്ടാം ഓവര്‍ എറിഞ്ഞ പ്രദീപ് സാങ് വാനെ സിക്‌സര്‍ പറത്തി മുരളി വിജയാണ് ആക്രമണത്തിനു തുടക്കമിട്ടത്. മെല്ലെത്തുടങ്ങിയ മനാന്‍ വോറ കത്തിക്കയറിയപ്പോള്‍ സ്‌കോര്‍ കുതിച്ചുയര്‍ന്നു. ഒടുവില്‍ വോറയെ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച ജഡേജയാണ് 78 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിച്ചത്. 23 പന്തില്‍ 38 റണ്‍സായിരുന്നു വോറയുടെ സമ്പാദ്യം. ടീം സ്‌കോര്‍ 91 റണ്‍സിലെത്തിയപ്പോള്‍ 42 റണ്‍സെടുത്ത വിജയിനെ ക്ലീന്‍ബൗള്‍ഡാക്കി ജഡേജ വീണ്ടും വില്ലനായി.

ഡെയ്ന്‍ ബ്രാവോ എറിഞ്ഞ 12-ാം ഓവര്‍ സംഭവബഹുലമായി. നാലാം പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച മാക്‌സ്‌വെല്ലിന്റെ(2) കുറ്റിതെറിപ്പിച്ച ബ്രാവോ അവസാന പന്തില്‍ ക്യാപ്റ്റന്‍ മില്ലറിനെയും(15)വീഴ്ത്തി. ബ്രാവോയുടെ സ്ലോ ബോളിന്റെ ദിശയറിയാതെ ബാറ്റുവച്ച മില്ലറിന് ബെയ്‌ല്‌സ് പോയപ്പോഴാണ് കാര്യം പിടികിട്ടിയത്. ഈ അവസരത്തില്‍ ഒത്തു ചേര്‍ന്ന വൃദ്ധിമാന്‍ സാഹ-മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് കിംഗ്‌സ് ഇലവനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. സാഹ 20 റണ്‍സെടുത്തപ്പോള്‍ 22 പന്തില്‍ 33 റണ്‍സായിരുന്നു സ്റ്റോയിനിസിന്റെ സമ്പാദ്യം. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ബ്രാവോയുടെ ഹാട്രിക് മോഹം അക്ഷര്‍ പട്ടേല്‍ തടഞ്ഞു. 200ന് മുകളില്‍ നേടാമെന്ന പഞ്ചാബിന്റെ പ്രതീക്ഷ തകര്‍ക്കാനും ഗുജറാത്ത് ബൗളര്‍മാര്‍ക്കായി.

ഫിഞ്ച് നയിച്ചു

മികച്ച ബാറ്റിംഗ് വിക്കറ്റില്‍ റണ്‍സ് പിന്തുടരാനിറങ്ങിയ ഗുജറാത്തിനു തുടക്കത്തിലേ തിരിച്ചടിയേറ്റു. വെടിക്കെട്ടു വീരന്‍ ബ്രെണ്ടന്‍ മക്കല്ലത്തെ സന്ദീപ് ശര്‍മ പൂജ്യത്തിനു പുറത്താക്കി. രണ്ടു പന്തുകള്‍ മാത്രമാണ് മുന്‍ കിവി ക്യാപ്റ്റനു ക്രീസില്‍ നില്‍ക്കാനായത്. കളി വരുതിയിലായെന്നു കരുതിയ പഞ്ചാബിന്റെ മോഹം തല്ലിത്തകര്‍ത്തത് ആരോണ്‍ ഫിഞ്ചാണ്. സുരേഷ് റെയ്‌ന 20 റണ്‍സെടുത്തു പുറത്തായെങ്കിലും ഫിഞ്ച് ലയണ്‍സിനെ അതിവേഗം മുന്നോട്ടുനയിച്ചു. 47 പന്തില്‍ 12 തവണ പന്ത് അതിര്‍ത്തി കടത്തിയ ഫിഞ്ച് 74 റണ്‍സെടുത്തു പുറത്താകുമ്പോള്‍ ടീമിനെ സുരക്ഷിതസ്ഥാനത്തെത്തിച്ചിരുന്നു.

രവീന്ദ്ര ജഡേജയും ഇഷാന്‍ കിഷനും എളുപ്പത്തില്‍ പുറത്തായെങ്കിലും ദിനേഷ് കാര്‍ത്തിക്കിന്റെ ഏകാഗ്രത ലയണ്‍സിനു തുണയായി. 12 പന്തില്‍ എട്ടു റണ്‍സെടുത്ത ജഡേജ റണ്ണൗട്ടാകുകയായിരുന്നു. അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യന്‍ നായകനായിരുന്ന ഇഷാനാകട്ടെ അനാവശ്യ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് തുലച്ചു. ജോണ്‍സനാണ് ഈ വിക്കറ്റ്. 41 റണ്‍സെടുത്ത കാര്‍ത്തിക് പുറത്താകാതെനിന്നു.

സ്‌കോര്‍ബോര്‍ഡ്

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റിംഗ് വിജയ് ബി ജഡേജ 42, വോറ സി കാര്‍ത്തിക് ബി ജഡേജ 38, മില്ലര്‍ ബി ബ്രാവോ 15, മാക്‌സ്‌വെല്‍ ബി ബ്രാവോ 2, സാഹ സി ജഡേജ ബി ബ്രാവോ 20, സ്‌റ്റോയിനിസ് സി ഫിഞ്ച് ബി ബ്രാവോ 33, പട്ടേല്‍ നോട്ടൗട്ട് 4, ജോണ്‍സണ്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 7 ആകെ 20 ഓവറില്‍ 6 വിക്കറ്റിന് 161 ബൗളിംഗ്: പ്രവീണ്‍ 4-0-25-0, സാംഗ് വാന്‍ 2-0-21-0, ഫോക്‌നര്‍ 4-0-39-0, ലാഡ 2-0-21-0, ജഡേജ 4-0-30-2, ബ്രാവോ 4-0-22-4

ഗുജറാത്ത് ലയണ്‍സ് ബാറ്റിംഗ്: ഫിഞ്ച് സ്റ്റമ്പ്ഡ് സാഹ ബി സാഹു 74, മക്കല്ലം സ്റ്റമ്പ്ഡ് സാഹ ബി സന്ദീപ് 0, റെയ്‌ന സി ജോണ്‍സണ്‍ ബി സ്‌റ്റോയിനിസ് 20, കാര്‍ത്തിക് നോട്ടൗട്ട് 41, ജഡേജ റണ്ണൗട്ട് 8, ഇഷാന്‍ സി ശര്‍മ ബി ജോണ്‍സണ്‍ 11, ബ്രാവോ നോട്ടൗട്ട് 2 ആകെ 17.4 ഓവറില്‍ അഞ്ചിന് 162.

ബൗളിംഗ്: സന്ദീപ് 3-0-21-1, ജോണ്‍സണ്‍ 4-0-35-1, മോഹിത് 2.4-0-24-0, സ്റ്റോയിന്‍സ് 2-0-27-1, അക്ഷര്‍ 2-0-17-0, സാഹു 4-0-35-1

Related posts