കിഴക്കമ്പലം: കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി20യുടെ നേതൃത്വത്തില്‍ കിഴക്കമ്പലത്തെ എല്ലാ തോടുകള്‍ ശുചീകരിച്ച് നീരൊഴുക്ക് വര്‍ധിപ്പിക്കാന്‍ ബൃഹത് പദ്ധതി തയ്യാറായി. ഇതിന്റെ ഭാഗമായി കിഴക്കമ്പലം അങ്ങാടിത്താഴം തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.ഡ്രഗ്ജിംഗ് യുട്ടലിറ്റി ക്രാഫ്റ്റ് ഉപയോഗിച്ചാണ് തോടുകള്‍ വൃത്തിയാക്കുന്നത്. ഇത് തോട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണുമാറ്റി ആഴം കൂട്ടാന്സാധിക്കും.
ആദ്യ ഘട്ടത്തില്‍ കിഴക്കമ്പലം അങ്ങാടിത്താഴം മുതല്‍ കടമ്പ്രയാര്‍ വരെയും കൂടാതെ പാല്ച്ചിറത്തോട്, പടിഞ്ഞാറേ തോട് എന്നിവടങ്ങളിലാണ് ശുചീകരണം നടത്തുന്നത്. തോടില്‍ അടിഞ്ഞു കിടക്കുന്ന ചെളിയും പായലും, കുളവാഴയും നീക്കം ചെയ്ത് നീരൊഴുക്ക് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നീരൊഴുക്ക് വര്‍ധിക്കുന്നതോടെ പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകും. കൂടാതെ കൃഷിയുടെ ഉന്നമനവും ലക്ഷ്യമിടുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
താമരച്ചാല്‍ വലിയകനാലിന്റെ ഭാഗമായ ആഞ്ഞി കൈത്തോട് കിഴക്കമ്പലം തോടുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒരുകാലത്തെ ഏറ്റവും നീരൊഴുക്കുള്ള തോടും ഇതായിരുന്നു. 15 ഓളം വര്‍ഷങ്ങളായി ചെളിയും, കുളവാഴയും മറ്റും അടിഞ്ഞ് നീരൊഴുക്ക് ഇല്ലാതെ നശിച്ചു കിടക്കുകയായിരുന്നു. നീരൊഴുക്ക് നശിച്ചതോടെ പ്രദേശത്തെ കര്‍ഷകര്‍ ദുരിതത്തിലാവുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് തോട് ശുചീകരിക്കാന്‍ ട്വന്റി20 രംഗത്തെത്തിയത്. വരും ദിവസങ്ങളില്‍ കിഴക്കമ്പലം പഞ്ചായത്ത് പരിധിയിലുള്ള മറ്റു തോടുകളും ഡ്രഗ്ജിംഗ് യുട്ടലിറ്റി ക്രാഫ്റ്റിന്റെ സഹായത്തോടെ ശുചീകരിക്കും.
കിഴക്കമ്പലം അങ്ങാടിത്താഴം വരെ നേരത്തേ കൊച്ചിയില്‍ നിന്ന് ബോട്ട് സര്‍വീസും ഉണ്ടായിരുന്നതാണ്. തോട് ശുചിയാക്കുന്നതോടെ കടമ്പ്രയാര്‍ വഴി കിഴക്കമ്പലത്തെ ബന്ധിപ്പിച്ച് ബോട്ട് സര്‍വീസും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് ട്വന്റി20 ഭാരവാഹികള്‍ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് കെ. വി ജേക്കബ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി, വാര്‍ഡു മെമ്പര്‍മാരായ ഷിബു പോള്‍, ചിന്നമ്മ പൗലോസ്, ടിഷിയോള വര്‍ഗീസ്, ദീപ പോള്‍,പ്രസീല എല്‍ദോ,മിനി രതീഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മറിയാമ ജോണ്‍ കൊച്ചുമോള്, രശ്മി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.