കോലഞ്ചേരി: കുന്നത്തുനാട്ടില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ മൂന്നാം ഘട്ട പ്രചരണത്തിലേക്ക് കടക്കുന്നു. രണ്ടാം ഘട്ട പ്രചരണം അവസാന റൗണ്ടിലേക്ക് എത്തിയതോടെ മണ്ഡലത്തില്‍ പോരാട്ടം ശക്തമായിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷിജി ശിവജിയുടേയും യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ഥി തുറവൂര്‍ സുരേഷും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ്. മണ്ഡലത്തിലെ മരണ വീടുകളിലെല്ലാം സ്ഥാനാര്‍ഥികള്‍ എത്തുന്നുണ്ട്.
മുന്നണികളുടെ എല്ലാം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായതോടെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. എങ്കിലും താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തത് ഇരു മുന്നണികള്‍ക്കും തലവേദനയായിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരെയും പ്രചരണത്തിന് മുന്നില്‍ നിര്‍ത്താനാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി.സജീന്ദ്രന്‍ ഇന്നലെ പുത്തന്‍കുരിശ് മണ്ഡലത്തില്‍ പര്യടനം നടത്തി. ചാലിക്കരയില്‍ കൊച്ചിന്‍ റിഫൈനറി കമ്പനിയിലെ തൊഴിലാളികളോട് അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. വരിക്കോലി നീര്‍മേല്‍ കോളനി, പുളിക്കുഴി കോളനി, പുറ്റുമാനൂര്‍ ലക്ഷംവീട് കോളനി എന്നിവിടങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് സജീന്ദ്രന്‍ വോട്ടു തേടി. യുഡിഎഫ് നേതാക്കളായ കെ.പി. പീറ്റര്‍, സി.എന്‍. ശ്രീവത്സലന്‍ പിള്ള, കെ.പി. തങ്കപ്പന്‍, തോമസ് കണ്ണടിയില്‍, എം.പി. സലിം, പി.ഡി. സന്തോഷ്കുമാര്‍, ടി.കെ. പോള്‍, കെ.ജി. നാരായണന്‍ നായര്‍, ബെന്നി പുത്തന്‍വീടന്‍, ജിജോ കുര്യന്‍, മഞ്ജു വിജയധരന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ഷിജി ശിവജി പുത്തന്‍കുരിശ് ലോക്കലിലാണ് പര്യടനം നടത്തിയത്. ബ്രഹ്മപുരം മെമ്പര്‍ പടിയില്‍ നിന്നും പര്യടനം ആരംഭിച്ചു. തുടര്‍ന്ന് പളളിമുകള്‍, കടമ്പേത്ത് മൂല, നായര്‍ കോളനി, കാണിനാട്, കൊല്ലപ്പടി, രാജര്‍ഷി, വടയമ്പാത്ത് മല, പന്നിക്കോട്ട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പുത്തന്‍കുരിശില്‍ നടന്ന ചെത്ത് തൊഴിലാളി യൂണിയന്‍(സിഐടിയു) കുടുംബ സംഗമത്തിലും പങ്കെടുത്തു. ഇടത് നേതാക്കളായ വി.കെ. അയ്യപ്പന്‍, കെ.എന്‍. ശശിധരന്‍, ജോര്‍ജ് വി. കുര്യന്‍, സി.വി. വര്‍ഗീസ്, എം.എം. തങ്കച്ചന്‍, ജൂബി എം. വര്‍ഗീസ്, ബീന തങ്കച്ചന്‍, രാജി രഞ്ജന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി തുറൂര്‍ സുരേഷ് മഴുവന്നൂര്‍ പഞ്ചായത്തിലെ റബര്‍പാര്‍ക്ക്, ചീനിക്കുഴി, ദാമോദരന്‍പീടിക എന്നിവടങ്ങളില്‍ പര്യടനം നടത്തി.