കൊച്ചി: സംസ്ഥാനത്ത് കൃഷിയോഗ്യമായ തരിശുനിലങ്ങളില് കൃഷിയിറക്കാനൊരുങ്ങി കുടുംബശ്രീ. കുടുംബശ്രീ മിഷന്റെ ഫാം ലൈവ്ലിഹുഡ് വിഭാഗവും ഭൂവിനിയോഗ വകുപ്പും ചേര്ന്നാണ് ഭൂസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം കാസര്ഗോഡ് നടക്കും.
സംസ്ഥാനത്ത് ലഭ്യമായ കൃഷിയോഗ്യമായ തരിശു നിലങ്ങള് കണ്ടെത്തി ശാസ്ത്രീയമായി കൃഷിയാരംഭിക്കുന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഭൂവിനിയോഗ വകുപ്പ് തയാറാക്കിയ 1:5000 സ്കെയിലിലുള്ള ഭൂപടങ്ങളിലെ കൃഷി ചെയ്യാന് അനുയോജ്യമായ തരിശുകളില് മണ്ണ്, സൂക്ഷ്മ കാലാവസ്ഥ, ജലം, മറ്റു ശാസ്ത്രീയ വിവരങ്ങള് എന്നിവ കോര്ത്തിണക്കിയ ഭൂടാഗിംഗ് രീതി അവലംബിച്ചാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്ഷിക വിളകള് തെരെഞ്ഞെടുക്കുന്നത്.
ഭൂ ടാഗിംഗില് ജിയോഗ്രാഫിക് ഇന്ഫര്മേഷന് സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂമിയുടെ വിവരങ്ങള് അടയാളപ്പെടുത്തി ലേബല് ചെയ്യും. സുസ്ഥിരമായ ഭൂമി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കാര്ഷിക ഉല്പ്പാദനക്ഷമത വര്ധിപ്പിക്കുന്നതിലൂടെയും തരിശുഭൂമിയുടെ ശാസ്ത്രീയമായ ഉപയോഗം വര്ധിപ്പിക്കാന് ഇതിലൂടെ സാധിക്കുന്നു.
വെബ് ജിഐഎസ് ഡാറ്റയുടെ സഹായത്തോടെ ഭൂവിനിയോഗം, ഭൂപ്രദേശം, മണ്ണ്, ചരിവ്, ജലവിഭവങ്ങള്, തുടങ്ങിയ തീമാറ്റിക് ലെയറുകള് വിശകലനം ചെയ്തുകൊണ്ട് കൃത്യതയോടെ കൃഷി ചെയ്യാവുന്ന തരിശുഭൂമികള് തിരിച്ചറിയാനും മാപ്പ് ചെയ്യാനും കഴിയുമെന്ന്കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര് ഡോ.എസ്. ഷാനവാസ് പറഞ്ഞു.
ഡാറ്റ ഉപയോഗിച്ച് പുനരുദ്ധാരണത്തിനോ വനവല്ക്കരണത്തിനോ കാര്ഷിക വിപുലീകരണത്തിനോ മുന്ഗണനാ മേഖലകള് തിരിച്ചറിയാന് സാധിക്കും. സ്പേഷ്യല് ഡാറ്റ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ മൈക്രോ ലെവല് ആസൂത്രണത്തിനും സഹായിക്കും.ഭൂസമൃദ്ധി പദ്ധതിയില് ഇപ്രകാരം കണ്ടെത്തുന്ന തരിശ് ഭൂമിയില് കുടുംബശ്രീയില് അംഗങ്ങള്ക്ക് കൃഷി ചെയ്യാം.
വനാ തിര്ത്തിയിലുള്ള ഭൂവിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം പ്രാദേശിക സമൂഹങ്ങളുടെ ഉപജീവന അവസരങ്ങള് വര്ധിപ്പിക്കുന്നതിനൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതില് നിര്ണായക പങ്ക് വഹിക്കും. ഭൂ വിനിയോഗ വകുപ്പിന്റെ വെബ് ജിഐഎസ് പ്ലാറ്റ്ഫോമിന്റെ പിന്തുണയോടെ, സുസ്ഥിര വികസന ഇടപെടലുകള്ക്കുള്ള സാധ്യതയുള്ള മേഖലകള് തിരിച്ചറിയാനും കഴിയും.
പദ്ധതിയുടെ ആദ്യഘട്ടത്തില്, തരിശുനിലങ്ങളില് വരുമാന വര്ധനവിനും ഭക്ഷ്യസുരക്ഷയ്ക്കും സഹായകമായ പ്രധാന വിളകളുടെ കൃഷി ആരംഭിക്കും. അടുത്ത ഘട്ടത്തില്, കൃഷിയിടങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്ന രീതിയില് അനുയോജ്യ ഇടവിളകള് ഉള്പ്പെടുത്തുകയും ചെയ്യും.
സംസ്ഥാനത്തെ ഏകദേശം 1,54,268.25 ഹെക്ടര് വിസ്തൃതിയിലുള്ള കൃഷി യോഗ്യ തരിശു ഭൂമിയിലാണ് ഭൂസമൃദ്ധി പദ്ധതിയില് കൃഷി ആരംഭിക്കുന്നത്. നാല് ലക്ഷത്തോളമുള്ള കുടുംബശ്രീ അംഗങ്ങള് നേരിട്ട് ഗുണഭോക്താക്കളാകുന്ന പദ്ധതിയില് മൂല്യ വര്ധനവ്, കയറ്റുമതി സാധ്യത എന്നിവ വിലയിരുത്തിയ ശേഷമാണ് കൃഷി ആരംഭിക്കുന്നത്.
സീമ മോഹന്ലാല്

