ആലുവ: ആലുവ-മൂന്നാര്‍ റോഡിലെ പ്രധാന കവലകളിലൊന്നായ തോട്ടുമുഖത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. റോഡിന് വീതിയില്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീതി തന്നെയാണ് റോഡിനുള്ളത്. എന്നാല്‍ വാഹനങ്ങള്‍ നാലിരട്ടിയും അഞ്ചിരട്ടിയുമായി വര്‍ധിച്ചു. തുരുത്ത് പാലം, മാറമ്പിള്ളി പാലം എന്നിവ വന്നതോടെ ഇതിലെയുള്ള യാത്രികരുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും വീണ്ടും വര്‍ധിച്ചു.ഇതോടെ അപകടങ്ങളും.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുഖം കവലയെ അധികൃതര്‍ അവഗണിക്കുകയാണെന്ന ആക്ഷേപം നേരത്തേയുണ്ട്. കവല അപകടകേന്ദ്രമായി മാറിയിട്ട് കാലങ്ങളായി. നിത്യേനയെന്നോണം ഇവിടെ അപകടങ്ങളുണ്ടാകുന്നുണ്ട്. കവലയിലെ ഗതാഗത തടസം വലിയ പ്രശ്നമാണ്. സ്കൂള്‍ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ ട്രാഫിക് പോലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. കവലയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് വേണ്ട പ്രവര്‍ത്തികള്‍ ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്. തോട്ടുമുഖം കവലയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഉപയോഗശൂന്യമായ കാനകളാണ്. ഇടുങ്ങിയ കാനകളില്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. കാനയുടെ വിസ്താരകുറവ് മൂലം കാന വൃത്തിയാക്കാന്‍ പോലും കഴിയുന്നില്ല. മഴക്കാലത്ത് പലപ്പോഴും വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. മഹിളാലയം ഭാഗത്തെ ചെറിയ കാനകളില്‍ അഴുക്ക് വെള്ളം നിറഞ്ഞ് റോഡിലേക്കൊഴുകാറുണ്ട്.
തോട്ടുമുഖത്ത് നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ കുഴികളുണ്ട്. ഈ കുഴികളില്‍ ബൈക്കുകള്‍ മറിഞ്ഞ് അപകടങ്ങള്‍ സംഭവിക്കുന്നു. കുഴികളില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച് മാറ്റുന്ന വാഹനങ്ങള്‍ മറിഞ്ഞും മറ്റും അപകടങ്ങള്ക്കിടയാകുന്നതും പതിവാണ്. നിരവധി ചെറു റോഡുകള്‍ കവലയുടെ വിവിധ ഭാഗങ്ങളിലായി സംഗമിക്കുന്നുണ്ട്. ഇത്തരം റോഡുകളില്‍ നിന്ന് ഏത് സമയവും വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് കടക്കാറുണ്ട്. ഈ വിവരം അറിയാതെ വേഗതയില്‍ വാഹനങ്ങള്‍ വരുമ്പോഴും അപകടങ്ങളുണ്ടാകാറുണ്ട്.
കവലയില്‍ കാല് നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ആവശ്യത്തിന് സൗകര്യമില്ല. അതിനാല്‍ തന്നെ ആളുകള്‍ തോന്നിയ പോലെ റോഡ് മുറിച്ച് കടക്കാറുണ്ട്. ഇതും അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും ഇട നല്കുന്നു. ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതും പ്രശ്നമാണ്. റോഡ് മുറിച്ച് കടക്കാനായി സീബ്രാ ലൈനുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. അതുപോലെ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും റിഫഌക്ടറുകളും ഇവിടെ ആവശ്യമാണ് . കവലയിലെ അപകടങ്ങള്‍ കുറക്കാന്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ അടിയന്തിരമായി സ്ഥാപിക്കേണ്ടതുണ്ട്.