കൃഷിഭവന്‍ വിതരണം ചെയ്തത് ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

kkd-pinnakkuമാനന്തവാടി: കര്‍ഷകര്‍ക്ക് കൃഷി ഭവന്‍ മുഖേനെ വിതരണം ചെയ്ത ഉല്‍പന്നങ്ങള്‍ ഗുണമേന്മയില്ലാത്തതാണെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. തിരുനെല്ലി പഞ്ചായത്ത് കാര്‍ഷിക സംരക്ഷണ സമിതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വയനാട് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്. തിരുനെല്ലി കൃഷിഭവനില്‍ നിന്നും കര്‍ഷകര്‍ക്ക് വിതരണം നടത്തിയിരുന്ന ഡോളോമേറ്റ്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവക്ക് ഗുണമേന്മ ഇല്ലെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.

ഗുണമേന്‍മയില്ലാത്ത വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പഞ്ചായത്തിലെ 17 വാര്‍ഡിലെയും കുരുമുളക് പാടശേഖര സമിതികള്‍ ചേര്‍ന്ന് തിരുനെല്ലി പഞ്ചായത്ത് കാര്‍ഷിക സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി കൃഷിമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയതായും സമിതി കണ്‍വീനര്‍ ടി.സി. ജോസഫ്, ചെയര്‍മാന്‍ റാന്റോള്‍ഫ് പഴയതോട്ടം എന്നിവര്‍ പറഞ്ഞു.

ഗുണമേന്മയില്ലാത്ത സാധനങ്ങളാണ് വിതരണം ചെയ്യുന്നത് എന്ന പാടശേഖര സമിതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്ത് അടിയന്തിര വികസന സമിതി യോഗം വിളിച്ച് ചേര്‍ത്ത് ഇവയുടെ വിതരണം നിര്‍ത്തിവെക്കാന്‍ കൃഷിഭവന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ പണമായി നല്‍കുക അല്ലെങ്കില്‍ കര്‍ഷകര്‍ ഗുണമേന്‍മയുള്ള സാധനങ്ങള്‍ വാങ്ങി ബില്ല് കൊടുക്കുന്ന മുറക്ക് പണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത ദിവസം തന്നെ ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരെ കാണുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

Related posts