മുക്കം: കളന്തോട് കെഎംസിടി കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിക്കാനുള്ള സാഹചര്യമൊരുക്കാതെ പുതുതായി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കിയ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സമരം ശക്തമായി. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പ്രവേശന ദിവസമായ ഇന്നലെ കോളജിലെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ബഹളം വയ്ക്കുകയും കെഎംസിടി ഡയറക്ടര്‍ കുമുദിനിയെ ഉപരോധിക്കുകയും ചെയ്തു. എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തിലാണ് മാര്‍ച്ചും ഉപരോധവും നടത്തിയത്. ശരിയായ അഫിലിയേഷനോ, പരീക്ഷാ കേന്ദ്രമോ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ആവശ്യത്തിന് സ്റ്റാഫോ ഇല്ലാതെ ഒന്നാം സെമസ്റ്ററില്‍ പുതുതായി 30 കുട്ടികള്‍ക്കാണ് മാനേജ്മെന്റ് പ്രവേശനം നല്‍കിയത്. ഫാക്കല്റ്റിയൊന്നുമില്ലാതെയാണ് ഒന്നര ലക്ഷം രൂപ വരെ വാങ്ങി പ്രവേശനം നടത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ആദ്യ ദിവസമായ ഇന്നലെ ക്ലാസിലെത്തിയെങ്കിലും പഠിപ്പിക്കാന്‍ അധ്യപകരോ പ്രിന്‍സിപ്പലോ ഉണ്ടായിരുന്നില്ല. ഉച്ചവരെ കുട്ടികള്‍ വെറുതെയിരിക്കുകയായിരുന്നു. കോഴ്സ് നടത്താന്‍ ശരിയായ അഫിലിയേഷന് ഇല്ലാതെയാണ് കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതെന്നാണ് അറിയുന്നത്. ഇതോടെ സര്‍ട്ടിഫിക്കറ്റും പണവും തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും കുട്ടികളും ബഹളംവച്ചു. തുടര്‍ന്ന് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഡയറക്ടറെ ഉപരോധിച്ചു.
കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്റിന്റെ നിയമാവലിയില്‍ പരാമര്‍ശിക്കുന്ന യോഗ്യതയും പരിചയവുമുള്ള ഫാക്കല്റ്റിയില്ലാത്തതിലും പരീക്ഷയെഴുതാന്‍ കോളജില്‍ സെന്റര്‍ ഇല്ലാത്തതിലും പ്രതിഷേധിച്ച് നിലവിലുള്ള വിദ്യാര്‍ഥികളും സമരത്തിനെത്തി. ഉപരോധ സമരത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഡയറക്ടര്‍ തയാറായില്ല. തുടര്‍ന്ന് മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ എന്‍. ചന്ദ്രനും,പി. ബ്രിജേഷും സ്ഥലത്തെത്തി. ഇവരും രക്ഷിതാക്കളുടെ പ്രതിനിധികളും ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്നലെ അഞ്ചരയോടെ സമരം പിന്‍വലിച്ചത്.
അടുത്ത മാസം അഞ്ചിന് രക്ഷിതാക്കളുമായി അഫിലിയേഷന് ഉള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് നഗരസഭകൗണ്സിലര്മാരുടെ സാന്നിദ്യത്തില് ഡയറക്ടര്‍ എഴുതി നല്കിയ ഉറപ്പിലാണ് ഉപരോധം പിന്‍വലിച്ചത്. കോളജ് നടത്തിപ്പിനെ സംബന്ധിച്ച് വ്യാപകമായ പരാതിയാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ളത്. ഫീസ് വാങ്ങിവയ്ക്കുകയല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും മാനേജ്മെന്റ് ഒരുക്കുന്നില്ല.
പരീക്ഷാ നടത്തിപ്പും സെമസ്റ്റര്‍ നടത്തിപ്പും യൂണിവേഴ്സിറ്റി നിയമങ്ങള്‍ പാലിക്കാതെയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോളജ് പ്രവര്‍ത്തനം തുടങ്ങി നാല് വര്‍ഷമായിട്ടും പിടിഎ വിളിച്ചുചേര്‍ത്തിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പരീക്ഷാകേന്ദ്രം നക്ഷ്ടമായെന്ന കാര്യം മറച്ചുവച്ചാണ് പുതിയ ബാച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. അഫിലിയേഷന് സംബന്ധിച്ചും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉപരോധസമരം നടത്തിയത്.