ഉളിക്കല്‍: ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. ജോസഫ് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനു നേരെ അക്രമം. കല്ലേറില്‍ കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. സോണി സെബാസ്റ്റ്യന്റെ കാര്‍ തകര്‍ന്നു. ഇന്നലെ രാത്രി 8.45 ഓടെ മണിക്കടവ് ടൗണിലായിരുന്നു സംഭവം.
കെ.സി. ജോസഫിന്റെ ഇന്നലത്തെ പര്യടന സമാപനയോഗം നടക്കുന്നതിനിടെയായിരുന്നു കല്ലേറുണ്ടായത്. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സോണി സെബാസ്റ്റ്യനായിരുന്നു. തന്റെ പ്രസംഗത്തില്‍ സോണി സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെക്കുറിച്ചും മറ്റും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥാനാര്‍ഥി കെ.സി. ജോസഫ് പ്രസംഗിക്കുന്നതിനിടെയാണ് കല്ലേറു നടന്നത്.
വേദിക്കരികിലായി നിര്‍ത്തിയിട്ട സോണിയുടെ കാറിലാണ് കല്ലു പതിച്ചത്. കല്ലേറില്‍ കാറിന്റെ ചില്ലു തകര്‍ന്നു. പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.