കേരളജനത എല്‍ഡിഎഫിന് ഒന്നാം സ്ഥാനം നല്‍കി കഴിഞ്ഞു: അശോക് ധവഌ

KLM-SHOKചവറ: കേരളജനത എല്‍ഡിഎഫിന് ഒന്നാം സ്ഥാനം നല്‍കി കഴിഞ്ഞതായും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് യുഡിഎഫും ബി ജെപിയും മത്സരിക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം അശോക് ധവ്‌ള പറഞ്ഞു.ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ വിജയന്‍പിളള യുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചവറ തെക്കുംഭാഗത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു.

കയര്‍, കശുവണ്ടി വ്യവസായം തകര്‍ത്ത സര്‍ക്കാര്‍ ഇവിടങ്ങളില്‍ പണിയെടുക്കുന്ന പാവപ്പെട്ട സ്ത്രീതൊഴിലാളികളെ വറുതിയിലാക്കി. ഫാക്ടറികള്‍ ഒന്നൊന്നായി അടച്ചുപൂട്ടിയും കൂലിയും തൊഴിലും നല്‍കാതെ ഇവരെ വഞ്ചിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് പൊതുവിപണിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞിരുവന്നുവെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ പൊതുവിതരണ സമ്പ്രദായമാകെ തകര്‍ത്തു.

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി ജെ പിയും ആര്‍എസ്എസും തീവ്രശ്രമം നടത്തുന്നു. അതിനുവേണ്ട എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയാറാകുന്നു. നരേന്ദ്രമോദിയും നിരവധി കേന്ദ്രമന്ത്രിമാരും കേരളത്തില്‍ പ്രചരണത്തിനായി തങ്ങുകയാണ്. കേരളം കൈവരിച്ച എല്ലാപുരോഗതിയുംഉണ്ടാക്കിയത് ഇടതുപക്ഷ സര്‍ക്കാരുകളുടെയും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടങ്ങളിലൂടെയുമാണ്.

അമ്പാനിമാര്‍ക്കും അദാനിമാര്‍ക്കും ടാറ്റായ്ക്കും വിജയമല്ല്യയ്ക്കും വേണ്ടിയാണ് ബിജെപി സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്. വര്‍ഗീയ കലാപങ്ങളുടെ കൂട്ടക്കൊല അരങ്ങേറിയ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ കേരളത്തെ വര്‍ഗീയ കലാപങ്ങളുടെ നാടാക്കിമാറ്റാന്‍ കേരത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ അനുവദിക്കുകയില്ല. സാധാരണക്കാരെ മറന്നുള്ള ഭരണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്.

വിദേശപ്പണം പിടിച്ചെടുത്ത് രാജ്യത്തെ ഓരോ പൗരന്‍മാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം നല്‍കുമെന്ന് പറഞ്ഞ മോഡിക്ക് പതിനഞ്ച് രൂപ പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നും ഉമ്മന്‍ ചാണ്ടിയുടെ അഴിമതി നിറഞ്ഞ ഭരണത്തെ ജനങ്ങള്‍ തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി എസ് പള്ളിപ്പാടന്‍. സൂസന്‍ കോടി, ഇ കാസിം, ടി മനോഹരന്‍, ജി മുരളീധരന്‍, എം എച്ച് ഷാരിയാര്‍, ഐ ഷിഹാബ് , പി ബി രാജു എന്നിവര്‍ പ്രസംഗിച്ചു.

Related posts