കേരളത്തിലേക്കുളള കഞ്ചാവു കടത്തിനു പിന്നില്‍ തമിഴ് രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കെന്ന്

KLM-KANCHAVUകൊട്ടാരക്കര: തമിഴ്‌നാടു വഴി കേരളത്തിലേക്കു കഞ്ചാവും ലഹരി വസ്തുക്കളും കടത്തുന്നതിനു പിന്നില്‍ തമിഴ് രാഷ്ട്രീയനേതാക്കളും  പ്രവര്‍ത്തിച്ചു വരുന്നതായി സൂചനകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ പോലീസ് രഹസ്യാനേഷണ വിഭാഗത്തിനു ലഭിച്ചിട്ടുളളതായാണ് അറിയുന്നത്. തമിഴ്‌നാടു പോലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും ശേഖരിച്ചു വരികയാണ്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ പ്രധാനമായും കഞ്ചാവെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. നേരത്തെയിത്  ആന്ധ്രായില്‍ നിന്നും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗവും ചരക്കുവാഹനങ്ങള്‍ വഴിയുമായിരുന്നു കടത്തിയിരുന്നത്.  പരിശോധനകള്‍ കര്‍ക്കശമായതോടെ ഈ വഴിക്കുളള കഞ്ചാവ് കടത്ത് പരിമിതപ്പെട്ടിട്ടുണ്ട്.

പകരം മാര്‍ഗമെന്ന നിലയിലാണ് തമിഴ് നാട് താവളമാക്കിയിട്ടുളളത്. കഞ്ചാവു ഇവിടെ എത്തിച്ച് സംഭരിച്ചശേഷം കേരളത്തിലേക്ക് ആവശ്യാനുസരണം കടത്തിവിടുകയാണ് ചെയ്തു വരുന്നത്. തമിഴ് അതിര്‍ത്തി പ്രദേശങ്ങളായ ചെങ്കോട്ട, തെങ്കാശി, തിരുനെല്‍വേലി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍, കമ്പം , തേനി എന്നിവിടങ്ങളിലാണ് വന്‍ തോതില്‍ കഞ്ചാവെത്തിച്ച് സംഭരിച്ചു വരുന്നത്. ആന്ധ്രായില്‍ നിന്നും ഒറിസയില്‍ നിന്നും വടക്കു കിഴക്കന്‍  സംസ്ഥാനങ്ങളില്‍ നിന്നുമാണ് കഞ്ചാവെത്തിക്കുന്നത്. ഒരു കിലോയുടെയും രണ്ടു കിലോയുടെയുമൊക്കെ  പാക്കറ്റുകളാക്കിയാണ് ഇവ കേരളത്തില്‍ എത്തിക്കുന്നത്. ആവശ്യത്തിന് ഇവിടെ എത്തിച്ചു കൊടുക്കുന്ന രീതിയും നേരിട്ടെത്തിവാങ്ങുന്ന രീതിയും നിലവിലുണ്ട്. ഒരു കിലോ കഞ്ചാവ് 1000 രൂപക്കാണ് മൊത്ത വ്യാപാരികള്‍ വില്‍ക്കുന്നത്. ഇവിടെ എത്തിച്ച് ചെറുപൊതികളാക്കി വില്‍ക്കുമ്പോള്‍ 10000 രൂപവരെ ലഭിച്ചു വരുന്നുണ്ട്.

ആര്യങ്കാവു ചെക് പോസ്റ്റു വഴിയും വനപാതകള്‍ വഴിയും കഞ്ചാവ് കടത്തി വരുന്നു. ബസുകളിലും ചരക്കു വാഹനങ്ങളിലും ഇരുചക്രവാഹനങ്ങള്‍ വഴിയും സ്വകാര്യവാഹനങ്ങള്‍ വഴിയും കഞ്ചാവ് അതിര്‍ത്തി കടക്കുന്നുണ്ട്. അതിര്‍ത്തിയിലെ ഇരുസംസ്ഥാനങ്ങളിലെയും ചെക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനകളില്ല. കഞ്ചാവു വ്യാപാരത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന തമിഴ് രാഷ്ട്രീയ നേതാക്കളുടെ ശക്തമായ സ്വാധീനം മൂലമാണിത്. പിടിക്കപ്പെടുന്നവര്‍ രക്ഷപ്പെടുന്നതും ഇതേ സ്വാധീനശക്തി മൂലമാണ്. കഞ്ചാവു കടത്തുന്നചെറുകിട കടത്തു കാരിലധികവും ഒരു കിലോയില്‍ താഴെ മാത്രമാണ് കടത്തുക.

നിയമത്തിലെ പഴുതുപയോഗിച്ച് രക്ഷപ്പെടുന്നതിനു വേണ്ടിയാണിത്. കൈവശമുളള കഞ്ചാവ് 999 ഗ്രാമോ അതില്‍ താഴെയെ ആണെങ്കില്‍ ജാമ്യം നല്‍കാമെന്നാണ് നിയമവ്യവസ്ഥ. ഇത് കാലോചിതമായി പരിഷ്കരിക്കാന്‍ കഞ്ചാവ് ഉപഭോഗം വ്യാപകമായിട്ടും സര്‍ക്കാര്‍ തയാറായിട്ടില്ല. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെ തെങ്കാശി, തിരുനെല്‍വേലി, നാഗര്‍ കോവില്‍ എന്നിവിടങ്ങളില്‍ എഞ്ചീനീയറിംഗിനും പോളിടെക്‌നിക്കിനും പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗം കഞ്ചാവിനും മയക്കുമരുന്നിനും വളരെ വേഗം അടിമപ്പെടുന്നുണ്ട്. ബോധപൂര്‍വം ഇവരെ ലഹരിമാഫിയകള്‍ ഇതില്‍ കുരുക്കുന്നതായാണ് വിവരം.

ഇവരുടെ വലയില്‍ വീഴുന്ന പെണ്‍കുട്ടികളടക്കമുളള വിദ്യാര്‍ത്ഥികള്‍ പിന്നീട് കരിയര്‍മാരായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവു കടത്തിക്കൊണ്ടുവന്ന പല വിദ്യാര്‍ത്ഥികളും അടുത്തകാലങ്ങളില്‍ പോലീസ് പിടിയിലായിരുന്നു. തമിഴ്‌നാട്ടില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരിലൊരു വിഭാഗവും കഞ്ചാവ് കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Related posts