ഷൊര്‍ണൂര്‍: മലബാറില്‍ ഷൊര്‍ണൂര്‍- ചെറുവത്തൂര്‍ റെയില്‍പ്പാത പൂര്‍ണമായി വൈദ്യുതീകരിച്ചതോടെ ഈ പാതവഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു റെയില്‍വേ നടപടി തുടങ്ങി. പൂര്‍ണതോതില്‍ വൈദ്യുതീകരണം നടന്നതോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങിയ പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്കുള്ള സാധ്യത ആരായുകയാണ് ചെയ്യുന്നത്.
ട്രെയിനുകള്‍ വൈദ്യുതീകരിച്ച പാതയിലേക്കു മാറിയതോടെ മലബാറിനെ സംബന്ധിച്ച് ട്രെയിന്‍ യാത്രയുടെ വേഗം വര്‍ധിക്കുകയും ഇതു യാത്രക്കാര്‍ക്കു ഗുണകരമാകുകയും ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ റെയില്‍വേ വൈദ്യുതി സബ്സ്റ്റേഷന് കമ്മീഷന് ചെയ്തതും ഗുണപ്രദമായി. തിരൂര്‍, എലത്തൂര്‍, തിരുവത്തൂര് സബ്സ്റ്റേഷനുകളും ഉടനേ പ്രവര്‍ത്തനമാരംഭിക്കും.
നേരത്തെതന്നെ സേഫ്റ്റി കമ്മീഷന്റെ അനുമതിയോടെ വൈദ്യുതിപാതയില് ഷൊര്‍ണൂര്‍മുതല്‍ കോഴിക്കോടുവരെ ട്രെയിനുകള്‍ വൈദ്യുതി എന്ജിനീലേക്കു മാറ്റിയിരുന്നു. ഷൊര്‍ണൂര്‍ മുതല്‍ ചെറുവത്തൂര്‍വരെയുള്ള റൂട്ട് കിലോമീറ്റര്‍ പാതയിലാണ് ഇപ്പോള്‍ വൈദ്യുതി ട്രെയിന്‍ ഓടുന്നത്. ഇതിന്റെ അനുബന്ധ സൗകര്യങ്ങള്‍ക്കായി ഷൊര്‍ണൂര്‍ മുതല്‍ 284 കിലോമീറ്റര്‍ വൈദ്യുതിലൈന്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. റെയില്‍വേയുടെ ചരക്കുഗതാഗതത്തിനും വൈദ്യുതികരണം വന്‍മുന്നേറ്റമാണ് നടത്തിയത്.
അനുകൂലമായ സാധ്യതകള്‍ മുഴുവന്‍ പരിശോധിച്ചശേഷം മലബാറില്‍ വൈദ്യുതീകരിച്ച ഈ പാത എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്നാണ് റെയില്‍വേ പരിശോധിക്കുന്നത്. അതേസമയം, കേരളത്തില്‍ റെയില്‍വേ പ്രാധാന്യം നല്‍കുന്നത് അടിസ്ഥാന വികസന സൗകര്യത്തിനാണെന്നു റെയില്‍വേ ഉന്നതതലസംഘം വ്യക്തമാക്കിയിരുന്നു. ഷൊര്‍ണൂര്‍-ചെറുവത്തൂര്‍ റെയില്‍പ്പാത ഉദ്ഘാടനത്തില്‍ ഇക്കാര്യം ബന്ധപ്പെട്ടവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കേരളത്തെ ഇന്ത്യയുടെ തുടക്കമായാണ് ഒടുക്കമായല്ല കാണുന്നതെന്നു വകുപ്പുമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും റെയില്‍വേ നടപടികള്‍ തുടങ്ങി. കേരളത്തില്‍ തൃശൂര്‍, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സംവിധാനം ഉടനേ നിലവില്‍ വരും. റെയില്‍വേയുമായി ഒപ്പുവച്ച സംയോജിത പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടിയുണ്ടാകുന്നപക്ഷം അഞ്ചുവര്‍ഷത്തിനുള്ളില്‍ പാതനിര്മാണങ്ങള് റിക്കാര്‍ഡ് വേഗത്തില്‍ നടപ്പാക്കുന്നതിനു നടപടിയുണ്ടാകുമെന്നും റെയില്‍വേ ഉന്നതര്‍ പറയുന്നു.
പ്രധാനപ്പെട്ട അഞ്ചു റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കുന്നതിനും നടപടിയുണ്ടാകും. മലബാറിന്റെ റെയില്‍വേ പ്രവേശനകവാടമായ ഷൊര്‍ണൂര്‍ ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം എസ്കലേറ്റര്‍ സംവിധാനവും ഉണ്ടാക്കും.