കൊച്ചി: കേരളത്തിലെ തിയറ്ററുകള്‍ അടച്ചിട്ട് നാളെ സൂചനാ പണിമുടക്ക് നടത്താന്‍ തിയറ്ററുടമകളുടെ സംഘടനകള്‍ തീരുമാനിച്ചു. മുമ്പ് നടത്തിയ സമരങ്ങളുടെ ഭാഗമായി വര്‍ധിപ്പിച്ച സെസ് തുക പുതുക്കി നിശ്ചയിച്ചതിലും കേരളത്തിലെ ടിക്കറ്റുവില്പന ഐനെറ്റ് വിഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് ആജീവനാന്ത കുത്തകയാക്കിക്കൊടുക്കുന്ന നടപടിയിലും പ്രതിഷേധിച്ചാണ് സമരം. 2015 ഡിസംബര്‍ 12നു നടന്ന മന്ത്രിസഭാ യോഗത്തില്‍ മൂന്നു രൂപയായിരുന്ന സെസ് അഞ്ച് രൂപയായി വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ഫ്രെബുവരി 18നു നടന്ന മന്ത്രിസഭാ യോഗത്തില്‍ സെസ് വീണ്ടും മൂന്നു രൂപയായി പുതുക്കി നിശ്ചയിച്ചു. ടിക്കറ്റ് വില്‍പന സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് വഴി ഓരോ ടിക്കറ്റിനും 50 പൈസ വീതം ചാര്‍ജ് ഈടാക്കിക്കൊണ്ട് തിയറ്ററുകളില്‍ നിന്ന് 12 കോടിയോളം തട്ടിയെടുക്കുന്നതിലും പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയിലുള്ള തീയറ്റര്‍ ഗ്രൂപ്പുകള്‍, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മാളുകള്‍, കേരളത്തിലെ മറ്റു മാളുകളിലെ മര്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും നാളെ നടക്കുന്ന സൂചനാ പണിമുടക്കില്‍ പങ്കെടുക്കും.