കണ്ണൂര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ജില്ലയില്‍ 93 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് അരിസമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് കെ.—സുരേന്ദ്രന്‍ അറിയിച്ചു. റേഷനരിയും ഗോതമ്പുമൊക്കെ സാധാരണക്കാര്‍ക്ക് നിഷേധിക്കുകയും റേഷന്‍ കടകളെ നോക്കുകുത്തിയാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് സമരം. റേഷന്‍ സാധനങ്ങളുടെ വിതരണം മാത്രമല്ല റേഷന്‍ കാര്‍ഡ് വിതരണവും താറുമാറാവുകയാണ്. അര്‍ഹരായ ആളുകള്‍ക്കു പോലും റേഷന്‍ ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മും ബിജെപിയും പരസ്പരം പഴി ചാരുന്നതു പോലെ റേഷന്‍ കാര്യത്തിലും കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും പരസ്പരം പഴിചാരുന്ന സ്ഥിതിയാണ്. റേഷന്‍ കടകളില്‍ അരിയോ ഗോതമ്പോ മണ്ണെണ്ണയോ ഇല്ല. മുമ്പൊരിക്കലുമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണിടരുതെന്ന ആവശ്യവുമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിസമരം നടക്കുക.