ആലപ്പുഴ: ജെഎസ്എസ് വിട്ടുപോയവരെല്ലാം തിരികെ വരണമെന്ന് കെ.ആര്‍. ഗൗരിയമ്മ. ചാത്തനാട്ടെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഗൗരിയമ്മ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരേ നല്കിയ കേസുകള്‍ പിന്‍വലിച്ച് തിരികെ ജെഎസ്എസിലേക്കു വരാന്‍ രാജന്‍ബാബുവിനോട് ഗൗരിയമ്മ നിര്‍ദേശിച്ചു. തിരികെയെത്തുന്നവര്‍ക്കുള്ള സ്ഥാനമാനങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലുസീറ്റുകള്‍ സിപിഎമ്മിന്നോടു ആവശ്യപ്പെടാനും ജെഎസ്എസ് തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
പിളര്‍പ്പിന്റെയും തമ്മിലടിയുടെയും ഓഫീസ് പിടിച്ചടക്കലിന്റെയും സീസണ്‍ ജെഎസ്എസില്‍ കഴിഞ്ഞു. പിണങ്ങി പോയവരെല്ലാം മാതൃസംഘടനയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. വിട്ടുപോയ ആര്‍ക്കും തെറ്റുതിരുത്തി മടങ്ങിവരാം.
വെള്ളിയാഴ്ച ചേര്‍ന്ന ജെഎസ്എസ് നിര്‍വാഹകസമിതി രാജന്‍ ബാബുവിന്റെ മടങ്ങിവരവ് ചര്‍ച്ച ചെയ്തു. അണികള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും തെറ്റുതിരുത്തുന്നവരെ ഒപ്പം ചേര്‍ക്കുക തന്നെ വേണമെന്ന ഗൗരിയമ്മയുടെ നിര്‍ദ്ദേശം യോഗം അംഗീകരിക്കുകയായിരുന്നു. ജില്ലയില്‍ ചേര്‍ത്തല, അരൂര്‍ സീറ്റുകളില്‍ ഏതെങ്കിലും ഒന്നാകും പാര്‍ട്ടി ആവശ്യപ്പെടുക. ഡല്‍ഹിയില്‍നിന്നും മടങ്ങി വന്നശേഷം പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.