മഞ്ചേരി: കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്ന കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ഇനി മുതല്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ കോടതി ആധുനികവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് മഞ്ചേരി ജില്ലാ കോടതി കെട്ടിട സമുച്ചയത്തില്‍ കിയോസ്ക് ടച്ച് സ്ക്രീന്‍ സംവിധാനം ഒരുക്കിയത്. ടച്ച് സ്ക്രീനില്‍ കേസ് നമ്പര്‍ എന്റര്‍ ചെയ്യുന്നതോടെ കേസ് സംബന്ധിച്ച വിവരങ്ങള്‍ മുന്നിലെത്തും.
അഞ്ചടിയോളം ഉയരമുള്ള ഉപകരണം പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ സെഷന്‍സ് കോടതി, മൂന്നു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതികള്‍, മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രിബ്യൂണല്‍, സബ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) എന്നിവിടങ്ങളില്‍ നടന്നു വരുന്ന കേസുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപ്‌ഡേറ്റ് ചെയ്യും.
മോഡല്‍ കോര്‍ട്ട് പദ്ധതിയുടെ ഭാഗമായി ജില്ലാ കോടതിയില്‍ ഓഡിയോ സിസ്റ്റം സ്ഥാപിച്ചു. ഇതിലൂടെ ബെഞ്ച് ക്ലര്‍ക്ക് കേസ് വിളിക്കുമ്പോള്‍ കോടതി മുറിയുടെ പുറത്തിരിക്കുന്ന കക്ഷികള്‍ക്ക് കേള്‍ക്കാനാകും. കോടതി വാതിലില്‍ കക്ഷികളുടെ തിക്കും തിരക്കും ഇതോടെ ഒഴിവാക്കാനാകും. കേസുകളുടെ മുന്‍ഗണനാ ക്രമം അനുസരിച്ച് പ്രദര്‍ശിപ്പിക്കാനുള്ള ഡിസ്‌പ്ലേ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച കുടിവെള്ള സംവിധാനവും ജില്ലാ സെഷന്‍സ് കോടതി പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്.