തലശേരി: ദേശീയപാതയില്‍ ധര്‍മടം കൊടുവള്ളിയില്‍ ബസിലെത്തിയ സംഘം സ്വകാര്യകാര്‍ അടിച്ചുതകര്‍ക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരായ മുഴപ്പിലങ്ങാട് കുളംബസാറിലെ റയ്ഹാനാസില് നവാസ് (32), സുല്‍ഫത്ത് മഹലില്‍ അഫ്സല് (24) എന്നിവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ഭാഗത്തേക്ക് സ്വകാര്യബസില്‍ പോകുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. തലശേരി ഭാഗത്തേക്ക് മാരുതി വാഗണര്‍ കാറില്‍ വരികയായിരുന്ന നവാസും അഫ്സലും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യബസ് തങ്ങളുടെ കാറിനു മുന്നില്‍ നിര്‍ത്തുകയും അതില്‍ നിന്നിറങ്ങിവന്നവര്‍ കാര്‍ അടിച്ചുതകര്‍ക്കുകയും തങ്ങളെ ആക്രമിക്കുകയുമായിരുന്നുവെന്നു പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പോലീസിനോട് പറഞ്ഞു.
വിവരമറിഞ്ഞ് ധര്‍മടം പ്രിന്‍സിപ്പല്‍ എസ്ഐ ടി.എന്‍. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് ശാഖയുടെ സിസിടിവിയില്‍ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ബാങ്ക് അധികൃതരോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എസ്ഐ സന്തോഷ് കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.