കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ നടപടികളില്ല

KLM-BEVകൊട്ടാരക്കര: നഗരസഭ ഐകകണ്‌ഠേന ആവശ്യപ്പെട്ടിട്ടും ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. പുതിയ നഗരസഭാ ഭരണസമിതി അധികാരമേറ്റ ശേഷം ആദ്യയോഗത്തില്‍ തന്നെ ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതരോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ആറ്മാസം കഴിഞ്ഞിട്ടും ഒരുനടപടിയും ഉണ്ടാകാത്തതില്‍ സാമൂഹ്യസംഘടനകള്‍ പ്രതിഷേധത്തിലാണ്. ഈ ആവശ്യം ഉന്നയിച്ച് കോ.കോണ്‍ഗ്രസ് ബിയും മറ്റു ചില വനിതാ – സാമൂഹ്യസംഘടനകളും ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ക്കു കത്തുനല്‍കിയിരുന്നതുമാണ്. കൊട്ടാരക്കരയിലെ ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്‍പനശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നിടത്തു നിന്നും മാറ്റിസ്ഥാപിക്കണമെന്ന് രണ്ടുവര്‍ഷം മുമ്പേ ആവശ്യമുയര്‍ന്നിരുന്നു.

ജനങ്ങള്‍ തിങ്ങിക്കൂടുന്ന കെഎസ്ആര്‍ടി സി സ്വകാര്യ ബസ് സ്റ്റാന്റുകള്‍ക്കു സമീപത്തായിട്ടാണ് ഈ മദ്യ വില്‍പന ശാല പ്രവര്‍ത്തിച്ചു വരുന്നത്. രണ്ടു സ്റ്റാന്റുകളെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഇടറോഡിനോടു ചേര്‍ന്നാണ് മദ്യവില്‍പന കേന്ദ്രം. സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം തിങ്ങി ഞെരുങ്ങി സഞ്ചരിക്കുന്ന വഴിയാണിത്. ബാറുകള്‍ക്കു നിയന്ത്രണം വന്നതോടെ താലൂക്കു കേന്ദ്രത്തിലുളള ഈ മദ്യശാലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ചില ദിവസങ്ങളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ടനിര റോഡും കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസ്റ്റാന്റ് വരെയും നീളാറുണ്ട്. ഏറെ ബുദ്ധിമുട്ടിയും ഭയന്നുമാണ് ഈ സമയങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുളളവര്‍ സഞ്ചരിക്കുന്നത്. മദ്യം വാങ്ങി ഇതിന്റെ പരിസരത്തു തന്നെ മദ്യപിക്കുന്നവരും വിരളമല്ല.

മദ്യപാനികളുടെ അസഭ്യ വര്‍ഷങ്ങളും മദ്യം വാങ്ങാനെത്തുന്നവര്‍ തമ്മിലുളള സംഘര്‍ഷങ്ങളും ഇവിടെ പതിവു കാഴ്ചയാണ്. ഈ ഇടുങ്ങിയ റോഡില്‍ തിരക്കുളള സമയങ്ങളില്‍ പോലും വലിയ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് മദ്യശാലയിലേക്കെത്തുന്ന മദ്യം ഇറക്കുന്നതും . ഈസമയം ഇരു സ്റ്റാന്റുകളിലേക്കും പോകാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. പോലീസിന്റെ സാന്നിധ്യമോ സേവനമോ ഈ ഭാഗങ്ങളിലൊന്നും ലഭ്യമല്ല. പ്രധാന പാതയോരങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ പാടില്ല എന്ന കോടതി നിര്‍ദേശം ലംഘിച്ചുമാണ് ഈ ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം. അനുയോജ്യമായ സ്ഥലം ലഭിക്കുന്നില്ലെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു സമാന മാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ടൗണും പ്രധാന പാതകളും വിട്ട് നിരവധി കെട്ടിടങ്ങള്‍ ഔട്ട് ലെറ്റിന് അനുയോജ്യമായിട്ടുളളത് വിട്ടു നല്‍കാന്‍ കെട്ടിട ഉടമകള്‍ തയാറായിട്ടുണ്ട്. ഉടമകള്‍ ഇതിനായി അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാടകയിലെ കമ്മീഷനില്‍ തട്ടി ഇതെല്ലാം നിരസിക്കപ്പെടുകയായിരുന്നെന്നാണ് ജനസംസാരം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വലിയ വാടക കോര്‍പറേഷന്‍ നല്‍കി വരുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ഗുണവും ലഭ്യമാണ്. ഉടമക്കും ഉദ്യോഗസ്ഥര്‍ക്കും ഗുണകരമായ ഈ കൂട്ടുകൃഷി അവസാനിപ്പിക്കാന്‍ ഇതു മൂലമാണ്ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുന്ന തെന്നാണ് ഇവിടുത്തെ മദ്യശാലയെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കുന്നത്.

പുതിയ കെട്ടിടം വിട്ടു നല്‍കുന്നതിനു നല്ല കമ്മീഷന്‍ നല്‍കാന്‍ തങ്ങള്‍ തയാറായിട്ടും ഉദ്യോഗസ്ഥര്‍ പരിഗണിക്കാത്തതില്‍ ഉടമകളും ഖിന്നരാണ്. നഗരസഭയുടെ ആവശ്യത്തിന് പുല്ലുവില കല്‍പ്പിച്ച കോര്‍പറേഷന്‍ അധികൃതര്‍ നഗരസഭയേയും എതിര്‍ക്കുന്നവരെയും വെല്ലുവിളിച്ചു കൊണ്ട് ഇവിടെ തന്നെ മദ്യ വില്‍പനക്കായി ഒരു പുതിയ കൗണ്ടര്‍ കൂടി തുടങ്ങി. കൂടിയ മദ്യം വില്‍ക്കുന്നതിനുവേണ്ടിയാണ് ഈ കൗണ്ടര്‍ തുടങ്ങിയിരിക്കുന്നത്.  തങ്ങളുടെ ആവശ്യം അവഗണിക്കുകയും ഒരു കൗണ്ടര്‍ കൂടി തുറന്ന് വെല്ലുവിളിക്കുകയും ചെയ്തിട്ടും നഗരസഭാ ഭരണസമിതിയും ശക്തമായ നടപടികള്‍സ്വീകരിക്കുന്നില്ല. കെട്ടിടത്തിന്റെയും മദ്യവില്പന കേന്ദ്രത്തിന്റേയും ലൈസന്‍സ് റദ്ദാക്കി ജനപക്ഷത്ത് നില്‍ക്കാന്‍ നഗരസഭ മടിക്കുന്നു. ഇതിലും ദുരൂഹതയുള്ളതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Related posts