തിരുവല്ല: ആദ്യഘട്ടം കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ സംഭരണം കൃത്യമായിനടക്കാത്തതിനാല് കിന്റല്‍ കണക്കിന് നെല്ല് കിളിര്‍ത്തു തുടങ്ങി. കഴിഞ്ഞ 14ന് കൊയ്ത്ത് തുടങ്ങിയ 190 ഏക്കര്‍ വേങ്ങല്‍ പാടത്തെ നെല്ലാണ് സപ്ലൈകോയുടെയും കൃഷിവകുപ്പിന്റെയും അനാസ്ഥയില്‍ നശിച്ച് പോകുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ വേനല്‍മഴ വെള്ളിടിയായതിന് പിന്നാലെയാണ് ലക്ഷങ്ങള്‍ മുടക്കി കൊയ്തെടുത്ത നെല്ല് വഴിയാധാരമാകുന്നത്. ഈര്‍പ്പം നിറഞ്ഞ പാടത്ത് കിടക്കുന്നതിനാലാണ് നെല്ല് കിളിര്‍ക്കാന്‍ തുടങ്ങിയത്. ആവശ്യത്തിനുള്ള കൊയ്ത്ത് യന്ത്രങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടുതന്നെ വളരെ വൈകിയാണ് കൊയ്ത്ത് പൂര്‍ത്തിയാക്കന്‍ സാധിച്ചത്.
പ്രമുഖ അരി വ്യവസായികളായ സ്വകാര്യകമ്പനിയെയാണ് നെല്ല് സംഭരണത്തിനായി സപ്ലൈകോ ഏല്പിച്ചിരുന്നതെന്നു പറയുന്നു. എന്നാല്‍, ആഴ്ചകളോടെ വയലില്‍ കിടക്കുന്ന നെല്ല് കിളിര്‍ത്ത കഴിഞ്ഞാല്‍ വിലകുറച്ചെടുക്കാമെന്ന് പ്രതീക്ഷിച്ചാണ് കമ്പനി സംഭരണം താമസിപ്പിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കിന്റലിന് 2150 രൂപ എന്നവ്യവസ്ഥയിലാണ് കമ്പനി നെല്ല് സംഭരണം ഏറ്റെടുത്തത്. വലിയ ലോറിയില്‍ നൂറോളം ലോഡ് കൊണ്ടുപോകേണ്ട സ്ഥാനത്ത് ഇതേവരെ ആകെ ഏഴ് ലോഡ് നെല്ല് മാത്രമാണ് കമ്പനി പാടത്ത് നിന്ന് നീക്കിയത്. നെല്ല് കിളിര്‍ക്കാന്‍ തുടങ്ങിയതോടെ ചുമട്ട് തൊഴിലാളികളും കൂലി കൂട്ടി ചോദിച്ചതായി കര്‍ഷകര്‍ പറയുന്നു.
ജില്ലയില്‍ 1600 കര്‍ഷകരാണു നെല്ലു നല്കുന്നതിനു സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 1096 പേര് പെരിങ്ങര പഞ്ചായത്തില്‍ നിന്നാണ്. നിരണം- 376, കടപ്ര – 139, നെടുമ്പ്രം – 53 എന്നിങ്ങനെയാണു മറ്റു പഞ്ചായത്തുകളിലെ രജിസ്ട്രേഷന്. ആദ്യഘട്ട കൊയ്ത്ത് പൂര്‍ത്തിയായിട്ടും കൃഷിവകുപ്പില്‍ നിന്ന് അവഗണനമാത്രമാണെന്നും കര്‍ഷകര്‍ പറയുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസ സ്വന്തമായി 25 കൊയ്ത്ത് യന്ത്രങ്ങള്‍ ഉണ്ടെങ്കിലും കേരളത്തിന്റെ നെല്ലറയില്‍ വിളവെടുക്കാന്‍ അയല്‍ സംസ്ഥാന യന്ത്രങ്ങളെ ആശ്രയിച്ചാണ് കൊയ്ത്ത് പൂര്‍ത്തിയാക്കിയത്.
ഇത്തവണ ആറ് യന്ത്രങ്ങള്‍ മാത്രമാണ് കൊയ്ത്തിനിറക്കിയത്.അന്യസംസ്ഥാന ലോബിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് വിളവെടുപ്പ് സമയത്തും യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാത്തതെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ തന്നെ ഒരു കൃഷി ഓഫിസറെയായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷവും പാഡി ഓഫിസറായി നിയമിച്ചിരുന്നത്. എന്നാല്‍, ഇക്കൊല്ലം സപ്ലൈകോയിലെ ഒരു ഉദേ്യാഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്.