കൊലക്കേസ് പ്രതി കഞ്ചാവുമായി അറസ്റ്റില്‍; അറസ്റ്റു ചെയ്യാനെത്തിയ പോലീസിനുനേരെ കുരുമുളക് സ്‌പ്രേ;ഒടുവില്‍ സാഹസികമായി പ്രതിയെ കീഴടക്കി

KTM-AASHLYകോട്ടയം: കൊലക്കേസ് പ്രതി കഞ്ചാവുമായി അറസ്റ്റില്‍. പരുത്തുംപാറ പെരുംഞ്ചേരിക്കുന്ന് കോളനിയില്‍ കുന്നേല്‍ വീട്ടില്‍ ആഷ്‌ലി സോമനെ(ആഷ്‌ലി മോനച്ചന്‍-38)യാണ് എക്‌സൈസ് സംഘം പിടികൂടിയത്.  ഇയാളുടെ പക്കല്‍ നിന്നും 150ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.  പിടിയിലാകുമെന്നു മനസിലാക്കിയ പ്രതി എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. തുടര്‍ന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ആഷ്‌ലിയെയും ഭാര്യയെയും എക്‌സൈസ് സംഘം സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

കുറിച്ചി, ചിങ്ങവനം, ചങ്ങനാശേരി മേഖലയില്‍ കഞ്ചാവു വില്‍പ്പന നടത്തുന്നതില്‍ പ്രധാനിയായിരുന്നു ആഷ്‌ലി. വീടിനു സമീപം താമസിക്കുന്നവരെ മാരകായുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കഞ്ചാവു കച്ചവടം നടത്തിവരികയുമായിരുന്നു. ഇയാളുടെ വീട്ടില്‍ റെയ്ഡിനു വരുന്ന ഉദ്യോഗസ്ഥരെയും വാര്‍ത്ത ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകരെയും ആഷ്‌ലി ആക്രമിച്ചിട്ടുണ്ട്.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ഇയാള്‍ക്കും ഭാര്യക്കുമെതിരെ ചിങ്ങവനം  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ഇന്‍സപെക്്ടര്‍ എസ്. സ്വാമിനാഥന്‍, അസിസ്റ്റന്‍ഡ് എക്‌സൈസ് ഇന്‍സ്‌പെക്്ടര്‍ ഇ.വി. തോമസ്, പ്രിവന്റീവ് ഓഫീസര്‍ അരുണ്‍ സി.ദാസ്, ഷാഡോ ടീമംഗങ്ങളായ പ്രവീണ്‍ പി.നായര്‍, നിഫി ജേക്കബ്, എല്‍. സുഭാഷ്, ടി.എസ്. സുരേഷ്, കെ.എന്‍. ജോജോ, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എസ്. ശ്യാംകുമാര്‍, ഡ്രൈവര്‍ രാജു എന്നിവര്‍ പങ്കെടുത്തു.

Related posts