കൊലക്കേസ് വിചാരണ നിര്‍ത്തിവച്ചു; പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

klm-courtകൊല്ലം: തങ്കശേരിയില്‍ ഹാര്‍ബര്‍ വകുപ്പ് ജീവനക്കാരന്‍ കൊലചെയ്യപ്പെട്ട കേസിന്റെ വിചാരണ നിര്‍ത്തിവച്ച് ഒന്നാം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം സെഷന്‍സ് കോടതി ആറില്‍ കേസിന്റെ വിചാരണ  ആരംഭിക്കാനിരുന്ന കഴിഞ്ഞ ദിവസം  ഒന്നാം പ്രതി ഹൈദര്‍ ഫാറൂഖിനെ മാനസിക നില തകരാറിലായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും അപേക്ഷിച്ച് കോടതിയില്‍  ഹര്‍ജി ബോധിപ്പിച്ചിരുന്നു.  ഒന്നാം  പ്രതിഭാഗം അഭിഭാഷകന്‍ ജി.ഗോപകുമാര്‍ ആണ് കോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചത്.

ഹര്‍ജി കോടതിയില്‍ കളവായി ബോധിപ്പിച്ചിരിക്കുകയാണെന്ന  വാദം  പബ്ലിക്ക് പ്രോസിക്യൂട്ടര്‍  അഡ്വ.കൊട്ടിയം എന്‍.അജിത് കുമാര്‍ ഉന്നയിച്ചതോടെ  ജഡ്ജി  അഷിദ. എഫ്. ജില്ലാ ആശുപത്രിയില്‍ നിന്നും  ഹൈദര്‍ ഫാറൂക്കിനെ  ചികിത്സിച്ചതിലേക്കുളള റിപ്പോര്‍ട്ട്  ഹാജരാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.  ഇതിനിടയില്‍  ജില്ലാ ആശുപത്രിയില്‍ നിന്നും ഹൈദര്‍ ഫാറൂക്കിന്റെ  നിസഹരണം മൂലം അയാളെ  ഡിസ്ചാര്‍ജ്ജ് ചെയ്യുകയും  ഇയാളെ കൊല്ലത്തുളള  ഒരു  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും   ചെയ്തു.

ജില്ലാ  ആശുപത്രിയില്‍ നിന്നും ഫാറൂക്കിനെ  തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലേക്ക്  അയച്ച് നിരീക്ഷിക്കണമെന്ന ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ മിനി  നല്‍കിയ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ ഫാറൂക്കിനെ  പ്രവേശിപ്പിച്ചിരുന്ന  സ്വകാര്യ ആശുപത്രിയിലെ  അധികൃതര്‍ക്ക് അടിയന്തരമായി പ്രതിയെ കോടതിയില്‍ ഹാജരാക്കുവാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഹാജരാക്കിയ പ്രതിയെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും റിപ്പോര്‍ട്ട് ഹാജരാക്കുവാനായി കേസ് നാളത്തേക്ക് മാറ്റി.

2012 മേയ് ഒമ്പതിന് രാത്രി 10.30 ഓടെയാണ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ്  ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൊല്ലം വെസ്റ്റ് വില്ലേജില്‍ പുന്നത്തല തങ്കശേരി ലൈറ്റ് ഹൗസ് റോഡിന്റെ തെക്ക് വശം ഉള്ള ഹാര്‍ബര്‍ എഞ്ചിനിയറിംഗ്  വകുപ്പിന്റെ വക ഡ്യൂപ്‌ളക്‌സ് കോട്ടേഴ്‌സില്‍ ആയിരുന്നുകേസിനാസ്പദമായ സംഭവം നടന്നത്. കരുനാഗപ്പള്ളി ആലപ്പാട് അഴീക്കല്‍  കുന്നേല്‍വീട്ടില്‍ അനില്‍ (39) ആണ് കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്.  കൊല്ലം മയ്യനാട് ധവളകുഴിയില്‍ സുനാമി ഫ്‌ളാറ്റില്‍ താമസിക്കുന്ന  ഹൈദര്‍ ഫാറൂക്ക് ,കൊല്ലം വടക്കേവിള പീപ്പിള്‍സ് നഗര്‍-181-ല്‍ പ്രിയന്‍ ,  വടക്കേവിള പട്ടത്താനം നീതി നഗര്‍-71-ല്‍ വിഷ്ണു, വടക്കേവിള, ഐക്യ നഗര്‍ -68-ല്‍ വിളയില്‍ വീട്ടില്‍ സഞ്ജു എന്നുവിളിക്കുന്ന നഹാസ്  എന്നിവരാണ് കേസിലെ ഒന്നു മുതല്‍  നാലു വരെയുള്ള പ്രതികള്‍.

Related posts