സന്തോഷ് പ്രിയന്‍
കൊല്ലം: കൊല്ലത്തെ സീറ്റ് തര്‍ക്കത്തിന് വി രാമമായി. പാര്‍ട്ടി കൈക്കൊണ്ട തീരുമാനമായതിനാല്‍ കൊല്ലത്ത് പി.കെ ഗുരുദാസനെ മത്സരിപ്പിക്കാനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു. മുകേഷിന് കൊല്ലം സീറ്റ് നല്‍കുന്നത് സംബന്ധിച്ച് സിപിഎമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനാണ് ഇന്നലെ വൈകുന്നേരം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാകമ്മിറ്റിയും പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന് തീരുമാനമെടുത്തത്. മുകേഷിനെ പിന്‍വലിച്ചാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് പിണറായി വിജയന്‍ കമ്മിറ്റിയില്‍ വ്യക്തമാക്കിയത്. മുകേഷിനെ നിര്‍ദേശിച്ചത് പി.കെ ഗുരുദാസന് ലഭിച്ച വോട്ടുകള്‍ ചോരാതിരിക്കാനാണ്. തീരുമാനത്തില്‍ നിന്ന് പാര്‍ട്ടിക്ക് പിന്നോട്ടുപോകാനാകില്ല.
ഗുരുദാസനുവേണ്ടി ഇനി ആരും ആവശ്യം ഉന്നയിക്കേണെ്ടന്നും പിണറായി പറഞ്ഞു. ഇതോടെ മുകേഷിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നിലനിന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമാകുകയും ഇത് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയും ചെയ് തു. ഗുരുദാസന് വേണ്ടി അനുകൂലിച്ചവരുടെ വാദഗതികള്‍ക്ക് മുന ഒടിയ്ക്കുന്നതായിരുന്നു പിണറായിയുടെ കടുത്തനിലപാടുകള്‍. പി.കെ ഗുരുദാസന് സീറ്റ് നല്‍കിയാല്‍ മറ്റ് പലരും സീറ്റ് ആവശ്യപ്പെടുമെന്നാണ് ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. തീരുമാനം അവസാനത്തേതായതിനാല്‍ ഇതുസംബന്ധിച്ച മറ്റ് ചര്‍ച്ചകള്‍ ഇനി ആവശ്യമില്ലെന്നാണ് പിണറായി കമ്മിറ്റിയില്‍ പറഞ്ഞത്. പി.കെ ഗുരുദാസനെ ഒഴിവാക്കിയതിനെതിരേ സിഐടിയു സംസ്ഥാന സെക്രട്ടറിയും മുന്‍ മേയറുമായ എന്‍.പത്മലോചനനാണ് ശക്തമായി എതിരത്തത്.
ഗുരുദാസനെ ഒഴിവാക്കി പാര്‍ട്ടി മെമ്പര്‍ഷിപ്പുപോലുമില്ലാത്ത സിനിമാനടനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അരുവിക്കര ആവര്‍ത്തിക്കുമെന്ന് പത്മലോചനന്‍ തുറന്നടിച്ചു.കൊല്ലത്തെ സീറ്റ് സംബന്ധിച്ച് അഞ്ചാം തവണയാണ് ജില്ലാ സെക്രട്ടറിയേറ്റ് കൂടിയത്. കൊല്ലം മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയായ പി.കെ ഗുരുദാസനെ ഒഴിവാക്കി നടന്‍ മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിയിലെ നല്ലൊരു ഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊല്ലത്ത് എത്തി ചര്‍ച്ച നടത്തി മുകേഷിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചെങ്കിലും പി.കെ ഗുരുദാസനെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷം പുകഞ്ഞുകൊണ്ടിരുന്നു. തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്നലെ വീണ്ടും ജില്ലാസെക്രട്ടറിയേറ്റ് കൂടിയത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ എല്ലാവരും മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി സെന്റര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഗുരുദാസനെ ഒഴിവാക്കിയത്. ജില്ലാ സെക്രട്ടറിയേറ്റ് ആദ്യം സംസ്ഥാനഘടകത്തിന് നല്‍കിയ പട്ടികയില്‍ പി.കെ ഗുരുദാസന്റെ പേര് ഇല്ലായിരുന്നു.സംസ്ഥാന ഘടകം ഈ ലിസ്റ്റ് തിരികെ അയച്ചതോടെ ഗുരുദാസന്റെ പേര് ഉള്‍പ്പെടുത്തി പുതിയ പട്ടിക വീണ്ടും അയക്കുകയായിരുന്നു. ഇതും സംസ്ഥാന ഘടകം അംഗീകരിക്കാതായതോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ കമ്മിറ്റിയില്‍ നടന്‍ മുകേഷിന്റെ പേര് നിര്‍ദേശിച്ചത്. ഇത് പാര്‍ട്ടിയില്‍ വിള്ളല്‍ സൃഷ്ടിച്ചപ്പോഴാണ് കൊല്ലത്തെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യത്തില്‍ വി.എസ് അച്യുതാനന്ദനും എം.എ.ബേബിയും ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നതിന് മുമ്പ് പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ജില്ലാസെക്രട്ടറിയേറ്റ് ചേരുകയായിരുന്നു.
കഴിഞ്ഞ മണ്ഡലം കമ്മിറ്റിയിലും മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. പാരമ്പര്യമായി സിപിഐ അനുഭാവമുള്ള കുടുംബത്തിലെ മുകേഷിനെ കൊല്ലത്ത് സിപിഎമ്മിനുവേണ്ടി കെട്ടിയിറക്കേണ്ടതില്ലെന്ന വാദമാണ് ഉയര്‍ന്നുവന്നത്. പി.കെ ഗുരുദാസനെ അനുകൂലിച്ചും മുകേഷിന് എതിരായും നഗരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഗുരുദാസനെ ഒഴിവാക്കുകയാണെങ്കില്‍ പാര്‍ട്ടിയിലും ട്രേഡ് യൂണിയന്‍ രംഗത്തും മികവ് തെളിയിച്ചവരെ പരിഗണിക്കണമെന്ന ആവശ്യവും സംസ്ഥാന ഘടകം തള്ളുകയായിരുന്നു.
അതേസമയം കൊല്ലത്ത് പി.കെ ഗുരുദാസന് സീറ്റ് നല്‍കേണ്ടതില്ലെന്ന സംസ്ഥാനനേതൃത്വത്തിലെ ചിലരുടെ രഹസ്യ അജണ്ടയാണെന്നും സൂചനയുണ്ട്. ഗുരുദാസന്‍ വിജയിച്ച് മന്ത്രിയാകുന്നത് തടയിടുന്നതിന് വേണ്ടിയാണ് ഈ നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്. വി.എസ് പക്ഷത്തെ പാടെ വെട്ടിനിരത്തിയെന്ന ആക്ഷേപമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് സീറ്റ് നല്‍കിയതെന്നും ആരോപണമുണ്ട്.