റോസ് ബൗള്‍: രണ്ടാം മത്സരത്തില്‍ കളിച്ച 11 പേരില്‍ ഭൂരിഭാഗത്തെയും മൂന്നാം മത്സരത്തില്‍ മാറ്റിപ്പരീക്ഷിച്ച കൊളംബിയയ്ക്ക് ഇരുട്ടടി. കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ഗ്രൂപ്പ് എയില്‍നിന്ന് ക്വാര്‍ട്ടറില്‍ കടന്ന കൊളംബിയയെ ആവേശോജ്വല പോരാട്ടത്തില്‍ കോസ്റ്റാറിക്ക കീഴടക്കി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു കോസ്റ്റാറിക്കയുടെ ജയം. തോല്‍വിയോടെ കൊളംബിയയ്ക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. മൂന്നു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി അമേരിക്കയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇത്രയും പോയിന്റുള്ള കൊളംബിയ ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്തായി.
നേരത്തേ നോക്കൗട്ടില്‍ ഇടംപിടിച്ച കൊളംബിയ കഴിഞ്ഞ മത്സരങ്ങളില്‍ ഇറങ്ങിയ ടീമില്‍ 10 മാറ്റം വരുത്തിയാണ് ഇറങ്ങിയത്. സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിനെയും ജുവാന്‍ ക്വഡ്രാഡോയെയും പകരക്കാരായി ഇറക്കിയ കൊളംബിയന്‍ പരിശീലകന്‍ ജോസ് പെക്കര്‍മാന്‍ ആഗ്രഹിച്ചത് ഒരു സമനിലയായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ സമനില മാത്രം മതിയായിരുന്ന കൊളംബിയയെ തോല്‍പ്പിച്ചുകൊണ്ടാണ് കൊസ്റ്റാറിക്ക കരുത്തറിയിച്ചത്.
മത്സരം തുടുങ്ങി രണ്ടാം മിനിറ്റില്‍തന്നെ ജോഹാന്‍ വെനെഗാസിലൂടെ കോസ്റ്റാറിക്ക മുന്നില്‍ കടന്നു. എന്നാല്‍, ഏഴാം മിനിറ്റില്‍ ഫ്രാങ്ക് ഫാബ്രയിലൂടെ കൊളംബിയ ഒപ്പമെത്തി. 34-ാം മിനിറ്റില്‍ ഫ്രാങ്ക് ഫാബ്രയുടെ സെല്‍ഫ് ഗോളില്‍ കൊളംബിയ വീണ്ടും പിന്നിലായി. തുടര്‍ന്ന് സെല്‍സൊ ബോര്‍ഗസ് 58-ാം മിനിറ്റില്‍ കൊസ്റ്റാറിക്കയുടെ ലീഡ് 3-1 ആയി ഉയര്‍ത്തി. 73-ാം മിനിറ്റില്‍ മാര്‍ലോസ് മൊറെനോ കൊളംബിയയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ അതു പര്യാപ്തമായില്ല. അമേരിക്ക ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വെയെ പരാജയപ്പെടുത്തി. 27-ാം മിനിറ്റില്‍ ഡെംപ്‌സെയാണ് അമേരിക്കയുടെ വിജയഗോള്‍ നേടിയത്.