ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ-പൊള്ളാച്ചി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതോടെ ഇതു പരിഹരിക്കാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ സ്വകാര്യ ബസുകള്‍ക്കു പുറമേ തമിഴ്‌നാട് കോര്‍പറേഷന്‍ ഉള്‍പ്പെടെ പന്ത്രണ്ട് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്.യാത്രക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസി ബസിനെയാണ്. കൊഴിഞ്ഞാമ്പാറയില്‍നിന്നും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്ക് കച്ചവടം, ജോലി, സ്കൂള്‍, കോളജ് എന്നിവിടങ്ങളിലേക്കായി നൂറുകണക്കിനു പേരാണ് ദിനംപ്രതി സഞ്ചരിക്കുന്നത്.
സ്വകാര്യബസുകളിലും തമിഴ്‌നാട് കോര്‍പറേഷന്‍ ബസുകളിലും അസൗകര്യക്കുറവും ചരക്കുകടത്തുന്നതുംമൂലം യാത്രക്കാര്‍ കയറാറില്ല. നിലവില്‍ പൊള്ളാച്ചി സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി എത്തുന്നതിനുമുമ്പു തന്നെ യാത്രക്കാര്‍ സീറ്റിനായി വരിയില്‍ നില്ക്കുന്നതു പതിവു കാഴ്ചയാണ്. എന്നാല്‍ മറ്റു ബസുകള്‍ക്ക് യാത്രക്കാര്‍ വരിയില്‍ നില്ക്കാറുമില്ല. നിലവില്‍ പാലക്കാട്, ചിറ്റൂര്‍ ഡിപ്പോകളില്‍നിന്നും പരിമിതതോതിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ പൊള്ളിച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്.
കെഎസ്ആര്‍ടിസി പ്രധാന സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും യാത്രക്കാര്‍ക്ക് പെട്ടെന്ന് എത്താനാകുമെന്നതിനാലാണ് കൂടുതല്‍പേരും ഇതിനെ ആശ്രയിക്കുന്നത്. കുടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിച്ചാല്‍ കോര്‍പറേഷനു അധികവരുമാനത്തിനു പുറമേ കൊഴിഞ്ഞാമ്പാറ-പൊള്ളാച്ചി റൂട്ടിലെ യാത്രാക്ലേശത്തിനും പരിഹാരമാകുമെന്നാണ് യാത്രക്കാര്‍ പറയുന്നു.