കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി സമയത്ത് മെഡി. റെപ്രസന്റേറ്റീവുമാര്‍ രോഗികള്‍ക്കു പാരയാവുന്നു

ktm-medicalഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയി ല്‍ ഒപി വിഭാഗങ്ങളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ മരുന്നു സാംപിളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.  മെഡിക്കല്‍, ഓര്‍ത്തോ, കാന്‍സര്‍, ശ്വാസകോശ വിഭാഗം തുടങ്ങി ഒട്ടുമിക്ക ഒപി വിഭാഗങ്ങളുടേയും പ്രവര്‍ത്തന സമയത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സാന്നിധ്യം സജീവമാണ്. റെപ്രസന്റേറ്റീവുമാര്‍ ഡേക്ടര്‍മാരെ സമീപിക്കുന്നതിന് നിശ്ചിതസമയം അനുവദിച്ചിട്ടുണ്ട്.

രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് 12നും ഇടയില്‍ മരുന്നു സാംപിളുമായി ഒപിയില്‍ ഡോക്ടര്‍മാരെ സമീപിക്കരുതെന്ന് ഓരോ ഒപി വിഭാഗത്തിന്റെയും മുന്‍വശത്തു തന്നെ നോട്ടീസ് പതിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് റെപ്രസന്റേറ്റീവുമാര്‍ ഒപി വിഭാഗങ്ങള്‍ കൈയടക്കുന്നത്.  കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് രോഗികളാണ് രാവിലെ മുതല്‍ ഒപി വിഭാഗങ്ങളില്‍ ചികില്‍സ തേടി കാത്തിരിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ ഒപി കൈയടക്കുന്നതോടെ രോഗികള്‍ക്ക് ചികിത്സ വൈകുന്നതിന് കാരണമാകുന്നു.

ഇടുക്കിയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ ഒപിയില്‍ ഡോക്ടറെ കാണുന്നതിനായി തലേദിവസം തന്നെ ഇവിടെയെത്തി ആശുപത്രി പരിസരത്ത് മുറിയെടുക്കും. ചികില്‍സയ്ക്കു ശേഷം ഉച്ചയോടെയെങ്കിലും വീട്ടില്‍ പോകുവാന്‍ രോഗികള്‍ ഒപിയില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ മരുന്നു സാംപിളുമായി ഡോക്ടറെ സമീപിച്ച് ഏറെ നേരം മരുന്നിന്റെ ഗുണമേന്മയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇതു പരിശോധനയ്ക്ക് തടസംവരുത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഓരോ വിഭാഗം ഡോക്ടര്‍മാരുടേയും ഒപി ദിവസത്തിന് തലേദിവസം മരുന്നു കമ്പനി എജന്റുമാര്‍ ഡോക്ടറെ വീട്ടില്‍ ചെന്നുകാണുന്നതിനു പിന്നാലെയാണ് ഒപികളിലും റെപ്രസന്റേറ്റീവുമാര്‍  സജീവമാകുന്നത്. മരുന്നു കമ്പനികളുടെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങിയാണ് ഒപി ദിവസങ്ങളില്‍ പല ഡോക്ടര്‍മാരും മരുന്നെഴുതുന്നതെന്നും എന്നാല്‍ ഈ മരുന്നുകള്‍ ആശുപത്രിയിലെ ഫാര്‍മസിയിലുണ്ടാകില്ലെന്നും രോഗികള്‍ പറയുന്നു. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ പണം മുടക്കി രോഗികള്‍ മരുന്നുവാങ്ങേണ്ടി വരുന്നു. ഇതു നിര്‍ധന രോഗികളെ വലച്ചിരിക്കുകയാണ്.

Related posts