കോട്ടയം: നഗരത്തില്‍ പാര്‍ക്കിംഗിന് ഇടമില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള പദ്ധതിയുമായി പോലീസ്. നഗരത്തിലെ ഏതൊക്കെ സ്ഥലങ്ങളിലാണു പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ഈയാഴ്ച തന്നെ നഗരത്തില്‍ സ്ഥാപിക്കുമെന്നു ട്രാഫിക് എസ്ഐ പറഞ്ഞു. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സംബന്ധിച്ചു മുന്നറിയിപ്പുകള്‍ നല്കുന്ന യാതൊരു ബോര്‍ഡുകളും നഗരത്തില്‍ സ്ഥാപിക്കാത്തതാണു ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നതിനുള്ള കാരണമെന്നു പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് പോലീസ് തീരുമാനിച്ചത്. നഗര കവാടങ്ങളിലാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
ഇതിനു പുറമേ റോഡിന്റെ ഇരുവശങ്ങളിലുള്ള വെള്ള വരയ്ക്കുള്ളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തയാറെടുപ്പിലാണു ട്രാഫിക്. അതേസമയം വെള്ള വരകള്‍ ഇല്ലാത്ത വീതി കുറഞ്ഞ റോഡിന്റെ സൈഡുകളില്‍ യാതൊരു കാരണവശാലും പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.നഗരത്തില്‍ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കോട്ടയം-കുമരകം റോഡ്, ടിബി റോഡ്, എംസി റോഡ്, കെകെ റോഡ് എന്നിവിടങ്ങളിലെ കുരുക്കിനു പ്രധാനകാരണം റോഡ് സൈഡുകളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതാണെന്നും പോലീസ് വ്യക്തമാക്കുന്നു.
നിലവില്‍ നഗരത്തില്‍ പണം നല്കികൊണ്ടു പാര്‍ക്കിംഗ് അനുവദിച്ചിട്ടുള്ള ആറു സ്ഥലങ്ങളാണു നഗരത്തിനുള്ളിലുള്ളത്. തിരുനക്കര മൈതാനം, പഴയ പോലീസ് സ്റ്റേഷന് മൈതാനം, ചന്തയ്ക്കകത്ത് അനുപമ തീയേറ്ററിനു എതിര്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട്, ശാസ്ത്രി റോഡില്‍ ശീമാട്ടി റൗണ്ടാന കഴിഞ്ഞ ഇടതുവശത്ത് ബസ് സ്റ്റോപ്പിനു പിന്നില്‍, കല്യാണ്‍ സില്‍ക്സിനുസമീപം എന്നിങ്ങനെയാണു ആറു പാര്‍ക്കിംഗ് ഗ്രൗണ്ടുകളുള്ളത്. എല്ലാ പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും ആദ്യത്തെ രണ്ടു മണിക്കൂറിനു 20 രൂപയാണു പാര്‍ക്കിംഗ് ഫീസായി ഈടാക്കുന്നത്.
പാര്‍ക്കിംഗ് പ്രശ്നം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുവന്നിട്ടും സംഭവത്തില്‍ ഉത്തരവാദിത്വത്തോടെ ഇടപെടേണ്ട നഗരസഭ ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്. നഗരസഭ വാടക കുറച്ചു പാര്‍ക്കിംഗ് അനുവദിച്ചെങ്കില്‍ മാത്രമേ മറ്റു സ്വകാര്യ പാര്ക്കിംഗുകാരും വാടക കുറയ്ക്കുകയുള്ളു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിംഗ് സ്വകാര്യവ്യക്തികള്‍ക്കു ടെണ്ടര്‍ നല്‍കിയതിലും വ്യാപക അഴിമതിയുണെ്ടന്നു പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.