തൃപ്പൂണിത്തുറ: ലോകപരിസ്ഥിതി ദിനമായ നാളെ കോണേത്തുപുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ വള്ളത്തില്‍ യാത്ര നടത്തുന്നു. പൊന്തക്കാടുകളും പുല്ല് കെട്ടുകളും മാലിന്യവും കൊണ്ട് നീരൊഴുക്ക് നിലച്ച് രോഹവാഹിയായ കോണേത്തുപുഴയുടെ ജീവനുവേണ്ടി ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് ലോകപരിസ്ഥിതിദിനമായ നാളെ വള്ളങ്ങളില്‍ പുഴയാത്ര നടത്തി കോണേത്തുപുഴ സംരക്ഷണത്തിന് ശ്രമം നടത്തുന്നത്. ചമ്പക്കര മുതല്‍ പൂത്തോട്ടവരെ ഏകദേശം 17 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പുഴ വര്‍ഷങ്ങള്‍ക്കുമുമ്പ് സമ്പന്നമായ ജലസ്രോതസായിരുന്നു.
കുറച്ച് വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ചും മാലിന്യങ്ങള്‍ നിറഞ്ഞും കൈയേറ്റവും അറവുമാലിന്യങ്ങളുടെയും കക്കൂസ് മാലിന്യങ്ങളുടെയും നിക്ഷേപകേന്ദ്രമായി മാലിന്യങ്ങളാല്‍ രോഗവാഹിയായി ജീവന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കോണേത്തുപുഴ. ഒരു കാലത്ത് നല്ല നീരൊഴുക്കുള്ള മുഖ്യജലസ്രോതസായിരുന്നു. കുളിക്കാനും കുടിക്കുവാനുംവരെ ഈ വെള്ളം ഉപയോഗിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. നിരവധി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഈ പുഴയെ ആശ്രയിച്ച് ഉപജീവനോമാര്ഗം കണ്ടിരുന്നത്. ഇരുവശങ്ങളിലെ ഏക്കര്‍ കണക്കിന് പാടശേഖരത്തിലെ നെല്‍കൃഷിക്കും ഇടവിള കൃഷികള്‍ക്കും കോണേത്തുപുഴയിലെ വെള്ളമായിരുന്നു ആശ്രയം.
എന്നാല്‍ ഇന്ന് കറുത്ത് ഇരുണ്ട് വെള്ളവും അസഹ്യമായ ദുര്‍ഗന്ധവും പൊന്തക്കാടും കൈയേറ്റവും കൊണ്ട് പുഴ ഇല്ലാതായി. കോണേത്തുപുഴയുടെ യഥാര്‍ത്ഥ അവസ്ഥ നേരിട്ടറിയുന്നതിനുവേണ്ടിയാണ് വള്ളത്തില്‍ കുട്ടികള്‍ പുഴയാത്ര നടത്തുന്നത്. നശിച്ച് നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കോണേത്തുപുഴയെ സംരക്ഷിച്ചെടുത്താല് നല്ല ഒരു ഉള്‍നാടന്‍ ജലാശയമായും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ബോട്ടുയാത്രകള്ക്കും ഉപയോഗപ്രദമാക്കാന്‍ സാധിക്കും.
നാളെ ഉച്ചയ്ക്ക് 12 മണിക്ക് പൂത്തോട്ട പുത്തന്‍കാവ് ബണ്ട് പാലത്തിനു സമീപത്തുനിന്നും മൂന്നു വള്ളങ്ങളിലായി യാത്ര ആരംഭിക്കും. എം.സ്വരാജ് എംഎല്‍എ, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, അധ്യാപകര്‍, രക്ഷാകര്ത്താക്കള്, വിദ്യാര്‍ഥികളടക്കം ഒരു വള്ളത്തില്‍ 13 പേര് വീതം മൂന്നു വള്ളങ്ങളിലായി 39ല്‍ അധികം പേര് യാത്രയില്‍ അണിചേരുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ബാബു, പിടിഎ പ്രസിഡന്റ് കെ.പി. രവികുമാര്‍ എന്നിവര്‍ പറഞ്ഞു.